roshan-jacob

ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന് പിന്നാലെ നടന്ന ഒരു സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ലക്‌നൗ ഡിവിഷൻ കമ്മീഷണറും തിരുവനന്തപുരം സ്വദേശിയുമായ ഡോ.റോഷൻ ജേക്കബിന്റെ കരുണാദ്രമായ സമീപനമാണ് കയ്യടി നേടുന്നത്. അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായി ഇടപെടുന്നതിനിടെ റോഷൻ കരയുന്നതും കണ്ണീർ തുടയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ 12 പേരെ ലക്‌നൗവിലെ ട്രോമാ സെന്ററിലേയ്ക്കും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ദോർഹരയിൽ നിന്ന് ലക്‌നൗവിലേയ്ക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ നിന്നുവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ആശുപത്രിയിലെ കട്ടിലിൽ പരിക്കേറ്റ കുട്ടി കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപത്തായി കുട്ടിയുടെ മാതാവ് കരഞ്ഞുകൊണ്ട് നിൽക്കുന്നതും വ്യക്തമാണ്. കട്ടിലിന് അരികെ നിന്ന് റോഷൻ ഉദ്യോഗസ്ഥരോട് വിവരങ്ങൾ തിരക്കുന്നുണ്ട്. ഇതിനിടെ റോഷൻ കുട്ടിയുടെ തലയിൽ തഴുകി സംസാരിക്കുകയും ചെയ്യുന്നു. ഇതുകണ്ട് കുട്ടിയുടെ മാതാവ് പൊട്ടിക്കരഞ്ഞുകൊണ്ട് റോഷനോട് തൊഴുകൈയോടെ സംസാരിക്കുന്നു. പിന്നാലെ റോഷൻ കരയുകയും കണ്ണുതുടയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്. ദൃശ്യങ്ങൾക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. ഭരണരംഗത്ത് പ്രവ‌ർത്തിക്കുന്നവരിൽ ഇത്തരത്തിൽ കരുണയും എളിമയും കാണാറില്ലെന്ന് കുറേപ്പേർ അഭിനന്ദിച്ചു. ദൃശ്യങ്ങൾക്ക് ഇതുവരെ മുപ്പതിനായിരത്തോളം വ്യൂസും ആയിരത്തിൽപ്പരം ലൈക്കുകയും ലഭിച്ചു.

#WATCH |Lakhimpur Kheri bus-truck collision: Lucknow Divisional Commissioner Dr Roshan Jacob breaks down as she interacts with a mother at a hospital&sees condition of her injured child

At least 7 people died&25 hospitalised in the accident; 14 of the injured referred to Lucknow pic.twitter.com/EGBDXrZy2C

— ANI UP/Uttarakhand (@ANINewsUP) September 28, 2022

പ്രവർത്തനമികവിന്റെ പേരിൽ റോഷൻ ജേക്കബ് ഇതിന് മുൻപും ശ്രദ്ധനേടിയിട്ടുണ്ട്. ലക്‌നൗവിൽ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്ന റോഷന്റെ ദൃശ്യങ്ങൾ രണ്ടാഴ്ച മുൻപ് വൈറലായിരുന്നു. മുട്ടോളമുള്ള വെള്ളത്തിൽ നിന്ന് ഉദ്യോഗസ്ഥരോട് റോഷൻ വിവരങ്ങൾ തിരക്കുന്നത് കാണാം. തിരുവനന്തപുരം സ്വദേശിയായ റോഷൻ ജേക്കബ് 2004 ബാച്ച് ഐ എ എസ് ഓഫീസറാണ്.

#WATCH | Uttar Pradesh: Lucknow Commissioner Roshan Jacob inspects waterlogging issues after heavy rain lashes city

Visuals from the area surrounding Engineering College, Jankipuram & riverfront colony pic.twitter.com/1JHMMJ7xUj

— ANI UP/Uttarakhand (@ANINewsUP) September 16, 2022