black-seed

നമ്മുടെ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധദ്രവ്യമാണ് ജീരകം. എന്നാൽ ജീരകത്തിന്റെ ഇനത്തിൽപ്പെടുന്ന കരിഞ്ചീരകത്തിന്റെ ഉപയോഗങ്ങൾ എത്രപേർക്കറിയാം.'അനുഗ്രഹത്തിന്റെ വിത്ത്' എന്നറിയപ്പെടുന്ന കരിഞ്ചീരകം ഉത്തമ ഔഷധമായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. ശരീരത്തെ ബലപ്പെടുത്താനും പ്രതിരോധശേഷി ഉയർത്താനും മികച്ച ഉത്പന്നമാണിത്.

ദഹനേന്ദ്രിയങ്ങളും കുടലും സംരക്ഷിക്കുന്നു,​ ശ്വാസനാള വീക്കം,​ ചുമ എന്നിവയ്ക്ക് ശമനം,​ മുടി വരൾച്ചയും മുടികൊഴിച്ചിലും തടയുന്നു,​തൊലിപ്പുറത്തുള്ള ചുളിവുകൾ കുറയ്ക്കുന്നു,​ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു,​ സ്ത്രീകളിലെ ആർത്തവ പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നു എന്നിങ്ങനെ കരിഞ്ചീരകത്തിന്റെ ഉപയോഗങ്ങൾ നിരവധി. ശരീരത്തിന്റെ പൊതുവായ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താനും കരിഞ്ചീരകം സഹായിക്കുന്നു. കരിഞ്ചീരകത്തിന്റെ മറ്റ് ഉപയോഗങ്ങൾ തിരിച്ചറിയാം.

തലവേദന,​ ക്ഷീണം,​ അലസത

നെറ്റിയിലും ചെവിയരികിലും മുഖത്തിന്റെ ഇരു വശങ്ങളിലും കരിഞ്ചീരകത്തൈലം തടവുകയും കരിഞ്ചീരകം തലയിൽ കെട്ടിയിടുകയും ചെയ്യുക. രാവിലെ വെറും വയറ്റിൽ ഒരൂ സ്പൂൺ കരിഞ്ചീരകത്തൈലം കഴിക്കുകയും ചെയ്യാം. ഒരു സ്പൂൺ കരിഞ്ചീരക തൈലം ഒരു ഗ്ലാസ്സ് ശൂദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങ നീരിലോ തേനിലോ ചേർത്ത് ദിവസവും രാവിലെ കഴിക്കുക. ക്ഷീണം,​ അലസത, തലവേദന എന്നിവ മാറാൻ ഇവ സഹായിക്കും.

സന്ധിവേദന,​ വാതം,​ കിഡ്‌നി പ്രശ്നങ്ങൾ

ഒരു സ്പൂൺ വിനാഗിരി, 2.5 മി.ലി കരിഞ്ചീരക തൈലം എന്നിവ ചേർത്ത് രാവിലെ പ്രാതലിന് മുൻപും രാത്രി ഭക്ഷണ ശേഷവും കഴിക്കുന്നത് സന്ധിവേദനയിൽ നിന്നും​ വാതത്തിൽ നിന്നും രക്ഷനേടാൻ സഹായിക്കും. കി‌ഡ്‌നി സംബന്ധമായ പ്രശ്നങ്ങളുള്ളവർ 250 ഗ്രാം കരിഞ്ചീരകപ്പൊടി തേനിൽ ചാലിച്ച് അരകപ്പ് വെള്ളത്തിൽ 2.5 മി.ലി കരിഞ്ചീരകത്തൈലം കൂട്ടിച്ചേർത്ത് ദിവസവും ഒരു നേരം കഴിക്കണം. 21 ദിവസം ഇത്തരത്തിൽ സേവിച്ചാൽ കി‌ഡ്‌നി രോഗങ്ങളിൽ നിന്ന് ഒരുപരിധിവരെ ആശ്വാസം ലഭിക്കും.

വയർ എരിച്ചിൽ

ഒരു കപ്പ് മുസ്സമ്പി ജ്യൂസിൽ 2.5 മി.ലി ജീരക തൈലം രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിനു മുൻപ് കഴിക്കുക. ഇത് പത്ത് ദിവസം തുടരുന്നത് വയർ എരിച്ചിലിന് ശമനമുണ്ടാക്കും.

അമിതവണ്ണം കുറയ്ക്കാൻ

അഞ്ച് മി.ലി കരിഞ്ചീരക തൈലം, രണ്ടു സ്പൂൺ തേൻ എന്നിവ ഇളം ചൂട് വെള്ളത്തിൽ ചേർത്ത് ദിവസം രണ്ട് നേരം കഴിക്കുക. അമിത വണ്ണം കുറയ്ക്കാൻ ഏറെ ഉത്തമമാണ്.

ചർമ സംരക്ഷണം

കരിഞ്ചീരക തൈലവും ഒലിവ് എണ്ണയും ഓരോ ടേബിൾ സ്പൂൺ വീതം എടുത്ത് മുഖത്ത് നന്നായി പുരട്ടണം. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.

രക്തസമ്മർദ്ദം, പിരിമുറുക്കം

രാവിലെ പ്രാതലിനൊപ്പം ഒരു സ്പൂൺ കരിഞ്ചീരക തൈലം ഏതെങ്കിലും പാനീയത്തോടൊപ്പം ചേർത്ത് കഴിക്കുക. രക്തസമ്മർദ്ദം, പിരിമുറുക്കം എന്നിവ കുറയ്ക്കുന്നതിന് സഹായിക്കും.

പ്രമേഹം

ഒരു കപ്പ് കട്ടൻ ചായയിൽ 2.5 മി.ലി കരിഞ്ചീരകതൈലം ചേർത്ത് ദിവസം രണ്ട് നേരം കഴിക്കുക. പ്രമേയം നിയന്ത്രിക്കുന്നതിന് ഇത് ഏറെ ഉത്തമമാണ്.