
ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ കുടുംബവുമായി സംസാരിക്കുന്നതിനിടെ മലയാളിയായ ഐ.എ.എസ് ഓഫീസർ പൊട്ടിക്കരഞ്ഞത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ലക്നൗ ഡിവിഷൻ കമ്മിഷണറും തിരുവനന്തപുരം സ്വദേശിനിയുമായ ഡോ. റോഷൻ ജേക്കബാണ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ കുടുംബവുമായി സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.
കഴിഞ്ഞ ദിവസം ദോർഹരയിൽ നിന്ന് ലക്നൗവിലേക്ക് പോയ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴു പേരാണ് മരിച്ചത്. 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ 12 പേരെ ലക്നൗവിലെ ട്രോമാ സെന്ററിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് സമീപം നിന്ന് കരയുകയായിരുന്ന മാതാവിനെ ആശ്വസിപ്പിക്കുമ്പോഴാണ് ഡോ. റോഷൻ ജേക്കബിന്റെ നിയന്ത്രണം വിട്ടത്.
റോഷൻ കുട്ടിയുടെ തലയിൽ തഴുകുന്നത് കണ്ടതോടെ മാതാവ് പൊട്ടിക്കരഞ്ഞു. തുടർന്ന് അവർ തൊഴുകൈയോടെ സംസാരിക്കാൻ തുടങ്ങിയതോടെയാണ് റോഷനും കരഞ്ഞത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലെത്തിയതോടെ നിരവധി പേരാണ് റോഷനെ അഭിനന്ദിച്ചെത്തിയത്.
പ്രവർത്തനമികവിന്റെ പേരിൽ റോഷൻ ജേക്കബ് മുൻപും ശ്രദ്ധനേടിയിട്ടുണ്ട്. ലക്നൗവിൽ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്ന റോഷന്റെ ദൃശ്യങ്ങൾ രണ്ടാഴ്ച മുൻപ് വൈറലായിരുന്നു. മുട്ടോളമുള്ള വെള്ളത്തിൽ നിന്ന് ഉദ്യോഗസ്ഥരോട് റോഷൻ വിവരങ്ങൾ തിരക്കുന്നത് കാണാം. തിരുവനന്തപുരം സ്വദേശിയായ റോഷൻ ജേക്കബ് 2004 ബാച്ച് ഐ.എ.എസ് ഓഫീസറാണ്. 17 വർഷത്തിനിടെ ഉത്തർപ്രദേശിലെ വിവിധ പദവികളിൽ റോഷൻ പ്രവത്തിച്ചു.