
കാസർകോട്: കാസർകോട്ട് പുഴയിൽ കാണാതായ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ യുവാക്കളുടെ മൃതദേഹം ബേഡകം മുനമ്പം തൂക്കുപാലത്തിന് സമീപത്തു നിന്നും കണ്ടെത്തി. കൊല്ലം സ്വദേശി വിജിത്തിന്റെയും തിരുവനന്തപുരം കടയ്‌ക്കാവൂർ സ്വദേശി രഞ്ചുവിന്റെയും (24) മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് നാലോടെ ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയായ കരിച്ചേരി പുഴയിലെ മുനമ്പം ഭാഗത്ത് കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ചെന്നൈയിൽ രണ്ട് വർഷം മുമ്പ് വാഹനങ്ങളുടെ സ്‌പെയർ പാർട്സ് കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്ന മുനമ്പം കല്ലളിയിലെ ശ്രീവിഷ്‌ണുവിന്റെ വീട്ടിൽ എത്തിയതായിരുന്നു ഇവർ.
തിരുവനന്തപുരത്തെ വൈശാഖ്, കുമ്പളയിലെ അബ്ദുൾ ഖാദർ സിനാൻ, പരവനടുക്കത്തെ വിഷ്‌ണു എന്നിവരും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ 25ന് ഗോവയിൽ പോയി ബുധനാഴ്‌ച മടങ്ങിയ ഇവർ ടൂറിസം കേന്ദ്രമായ റാണിപുരം സന്ദർശിച്ച് വൈകിട്ട് മൂന്നോടെ മുനമ്പത്തെത്തിയത്. രാത്രി മലബാർ എക്‌സ്‌പ്രസ്സിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.