
കോഴിക്കോട്: മാളിൽ ഫിലിം പ്രമോഷൻ പരിപാടിക്കിടെ യുവ നടിമാർക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് നടിമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.
അക്രമസമയത്തെ ദൃശ്യങ്ങൾക്ക് പുറമെ പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും പരിശോധിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. അക്രമം നടന്ന സമയത്തെ ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും കൈമാറാൻ മാൾ അധികൃതർക്കും സംഘാടകർക്കും നിർദേശം നൽകി.
ഈ മാസം ഇരുപത്തിയേഴിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കായി മാളിലെത്തിയ രണ്ട് നടിമാർക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ഇതിലൊരു നടി തന്നെ കയറിപ്പിടിച്ചയാളെ തല്ലിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.