rbi

 നാണയപ്പെരുപ്പ നിയന്ത്രണത്തിന് ഊന്നലുമായി റിസർവ് ബാങ്ക്

 വിയോജിച്ച് സ്വതന്ത്ര അംഗം ജയന്ത് വർമ്മ

കൊച്ചി: കൊവിഡ്‌കാലത്തെ 'അക്കോമഡേറ്റീവിൽ" നിന്ന് 'വിഡ്രോവൽ ഒഫ് അക്കോമഡേഷൻ" നിലപാടിലേക്കുള്ള ചുവടുമാറ്റം ശക്തമാക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ പറഞ്ഞു. കൊവിഡിലുടനീളം തുടർന്ന,​ സമ്പദ്‌വളർച്ചയ്ക്ക് പിന്തുണയേകുന്ന നിലപാടിൽ നിന്നുള്ള വ്യതിചലനമാണിത്. ജി.ഡി.പി വളർച്ചയിൽ അല്പം വിട്ടുവീഴ്ച ചെയ്‌തായാലും നാണയപ്പെരുപ്പ ഭീഷണി ചെറുക്കുകയാണ് ഇപ്പോൾ ലക്ഷ്യം.

ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയിലെ (എം.പി.സി)​ സ്വതന്ത്ര അംഗവും മലയാളിയുമായ പ്രൊഫ.ജയന്ത് ആർ.വർമ്മ മാത്രമാണ് ഇതിനോട് വിയോജിച്ചത്. റിപ്പോ അരശതമാനം കൂട്ടാൻ ജയന്ത് അടക്കം അഞ്ചുപേർ പിന്തുണച്ചു. സ്വതന്ത്ര അംഗം ഡോ.അഷിമ ഗോയൽ എതിർത്തു.

ഇന്ത്യ വളരും 7%

നടപ്പുവർഷം (2022-23)​ ഇന്ത്യ 7.2 ശതമാനം വളരുമെന്ന മുൻ പ്രതീക്ഷ ഇന്നലെ റിസർവ് ബാങ്ക് ഏഴ് ശതമാനത്തിലേക്ക് തിരുത്തി. ആഭ്യന്തരഘടകങ്ങൾ വളർച്ചയ്ക്ക് അനുകൂലമാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഉത്സവകാല പശ്ചാത്തലത്തിൽ ഉപഭോക്തൃച്ചെലവ് കൂടി. മാനുഫാക്‌ചറിംഗ്,​ സേവന,​ അടിസ്ഥാനസൗകര്യ മേഖലകൾ മെച്ചപ്പെട്ടു.

രൂപയുടെ തകർച്ച മറ്റ് കറൻസികളെ അപേക്ഷിച്ച് കുറവാണ്. നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ)​ ഉയർന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ)​ തിരിച്ചെത്തി. വിദേശ നാണയശേഖരത്തിൽ ഇടിവുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചമാണ്. റഷ്യ-യുക്രെയിൻ യുദ്ധം,​ ആഗോള സമ്പദ്ഞെരുക്കം,​ വിദേശ ഡിമാൻഡിലെ വീഴ്‌ചയും കയറ്റുമതി തളർച്ചയും എന്നിവയാണ് വലയ്ക്കുന്നത്.

വളർച്ചാപ്രതീക്ഷ

(ബ്രായ്ക്കറ്റിൽ മുൻ വിലയിരുത്തൽ)​

 2022-23 : 7% (7.2%)​

 ഏപ്രിൽ-ജൂൺ : 13.5%

 ജൂലായ് -സെപ്തം : 6.3% (6.2%)​

 ഒക്‌ടോ-ഡിസം : 4.6% (4.1%)​

 ജനുവരി-മാർച്ച് : 4.6% (4%)​

 2023 ഏപ്രിൽ-ജൂൺ : 7.2% (6.7%)​

നാണയപ്പെരുപ്പം കുറയും

ഇന്ത്യയിൽ ഖാരിഫ് വിളവ് കൂടി. മികച്ച മൺസൂൺ ലഭിച്ചു. വിതരണശൃംഖലയിൽ തടസങ്ങൾ കുറഞ്ഞു. ഇറക്കുമതി ഉത്‌പന്നങ്ങളുടെ വലിയവിലയാണ് തിരിച്ചടി. ഇന്ത്യ വാങ്ങുന്ന ക്രൂഡ‌്‌വില ബാരലിന് 104 ഡോളറിൽ നിന്ന് നടപ്പുവർഷം 100 ഡോളറായി കുറഞ്ഞേക്കും. ഇതുപ്രകാരം പ്രതീക്ഷിക്കുന്ന നാണയപ്പെരുപ്പം:

 2022-23 : 6.7%

 ഏപ്രിൽ-ജൂൺ : 7.1%

 ജൂലായ് -സെപ്തം : 7.1%

 ഒക്‌ടോ-ഡിസം : 6.5%

 ജനുവരി-മാർച്ച് : 5.8%

 2023 ഏപ്രിൽ-ജൂൺ : 5%

പുതുക്കിയ നിരക്കുകൾ

(മുഖ്യ പലിശനിരക്കുകൾ)​

 റിപ്പോനിരക്ക് : 5.90%

 റിവേഴ്‌സ് റിപ്പോ : 3.35%

 എസ്.ഡി.എഫ് : 5.65%

 എം.എസ്.എഫ് : 6.15%

 സി.ആർ.ആർ : 4.50%

 എസ്.എൽ.ആർ : 18.00%

പലിശ എങ്ങോട്ട്?​

റീട്ടെയിൽ നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പലിശനിരക്ക് പരിഷ്‌കരിക്കുന്നത്. ഇത് 6 ശതമാനത്തിന് താഴെയെത്തുംവരെ പലിശവർദ്ധന പ്രതീക്ഷിക്കാം. അതായത്,​ ഡിസംബറിലെ യോഗത്തിലും റിപ്പോ കൂട്ടിയേക്കാം.

ഗ്രാമീൺ ബാങ്കിലും

ഇന്റർനെറ്റ് ബാങ്കിംഗ്

റീജിയണൽ റൂറൽ ബാങ്ക് (ഗ്രാമീൺബാങ്ക്)​ ഇടപാടുകാർക്കുള്ള കടുത്ത നിബന്ധനകളിൽ ഇളവ് നൽകി ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗം സുഗമമാക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

 ഓൺലൈൻ പേമെന്റ് സേവനദാതാക്കൾക്ക് 2020 മാർച്ചുമുതൽ ഏർപ്പെടുത്തിയ ചട്ടങ്ങൾ ഓഫ്‌ലൈൻ പേമെന്റ് സേവനദാതാക്കൾക്കും ബാധകമാക്കും.

എങ്ങനെ ബാധിക്കും?​

റിപ്പോനിരക്കിന് ആനുപാതികമായി ഭവന,​ വാഹന വായ്‌പാപ്പലിശ കൂടുന്നത് റിയൽ എസ്‌റ്റേറ്റ് മേഖലയെയും വാഹനവില്പനയെയും സാരമായി ബാധിക്കും.

തുണച്ച് നയം; കുതിച്ച്

ഓഹരി,​ നേട്ടത്തോടെ രൂപ

പ്രതിസന്ധിഘട്ടത്തിൽ കരുത്തുറ്റ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന റിസർവ് ബാങ്കിന്റെ നിലപാട് ഇന്നലെ ഓഹരിവിപണിയെയും രൂപയെയും തുണച്ചു. സെൻസെക്‌സ് 1,017 പോയിന്റുയർന്ന് 57,426ലും നിഫ്‌റ്റി 276 പോയിന്റ് നേട്ടത്തോടെ 17,094ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപ ഡോളറിനെതിരെ 37 പൈസ ഉയർന്ന് 81.36ലുമെത്തി.