
മട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽ 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന അരക്കിലോ മുന്തിയ ഇനം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കൂവപ്പാടം മുരിക്കുംതറ കോളനിയിൽ പെലെ എന്ന് വിളിക്കുന്ന എസ്. ശ്രീനിഷിനെയാണ് (32) മട്ടാഞ്ചേരി അസി.പൊലിസ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥ്, പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കൊച്ചി സിറ്റിയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി സബ് ഡിവിഷനിൽ ചുള്ളിക്കൽ കല്ല് ഗോഡൗണിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഇരുചക്ര വാഹനത്തിലെത്തിയ യുവാവിൽനിന്ന് അരക്കിലോ എം.ഡി.എം.എയും വില്പന നടത്തിക്കിട്ടിയ ഇരുപതിനായിരം രൂപയും തൂക്കുന്നതിനുള്ള ത്രാസും സിപ് ലോക്ക് കവറുകളും കണ്ടെത്തി.
ശ്രീനിഷിന്റെ സുഹൃത്തായ കൊച്ചി സ്വദേശി ബംഗളൂരുവിൽ നിന്നാണ് വൻ തോതിൽ ലഹരിമരുന്ന് എത്തിക്കുന്നതെന്ന് കണ്ടെത്തി. ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും കൂടുതൽപേർ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.