
ഭാരതത്തിന്റെ സ്വന്തം ഗണിത പ്രതിഭയായ രാമാനുജന്റെ ജീവിതത്തിലെ രസകരമായ ചില അനുഭവങ്ങളിലൂടെ ഒന്നു സഞ്ചരിക്കാം
രാമാനുജൻ ഒരു അസാധാരണ ഗണിതപ്രതിഭയായിരുന്നെങ്കിലും മറ്റുവിഷയങ്ങൾ പഠിക്കാൻ അസമർത്ഥനായിരുന്നു. ശരീരശാസ്ത്രത്തെ സംബന്ധിച്ചുള്ള പുസ്തകങ്ങൾ വായിക്കാൻ പോലും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഒരു ദിവസം ശരീര ശാസ്ത്രത്തിൽ 'ദഹന വ്യൂഹ"ത്തെപ്പറ്റി ഒരു പരീക്ഷ എഴുതാൻ ഇടയായി. ഉത്തരക്കടലാസിൽ ഏതാനും വരികൾ മാത്രം എഴുതിയ ശേഷം 'സാർ ദഹനം എന്ന അദ്ധ്യായം എനിക്ക് തീരെ ദഹിക്കാത്തതിന്റെ ഫലമാണ് ഈ ഉത്തരക്കടലാസ്" എന്ന് എഴുതുകയുണ്ടായി. ഇത് എഴുതിയത് ആരാണെന്ന്  പ്രൊഫസർ എളുപ്പത്തിൽ മനസിലാക്കുകയും രാമാനുജനെ വിളിച്ച് ചോദിക്കുകയും ചെയ്തു. രാമാനുജൻ തെറ്റ് സമ്മതിച്ചു.
ഉപദേശം
രാമാനുജൻ എഫ്.എ ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലം. ഉയർന്ന ക്ലാസിലേക്ക് ആവശ്യമായ 'ഇന്റഗ്രൽ കാൽക്കുലസ്" എന്ന ഗ്രന്ഥം ലൈബ്രറിയിൽ നിന്നെടുത്ത് വായിക്കാൻ തുടങ്ങി. ഒരു ഗണിതശാസ്ത്രാദ്ധ്യാപകൻ പ്രസ്തുത പുസ്തകത്തിനുവേണ്ടി ലൈബ്രേറിയനെ  സമീപിച്ചു. പുസ്തകം രാമാനുജൻ എന്ന എഫ്.എ ക്ലാസ് വിദ്യാർത്ഥി കൊണ്ടു പോയതായി അറിഞ്ഞപ്പോൾ അദ്ധ്യാപകൻ ഉടനെ രാമാനുജനെ ആളയച്ച് വിളിപ്പിച്ച്  ഉപദേശരൂപത്തിൽ പറഞ്ഞു ''പരീക്ഷയ്ക്ക് വേണ്ടത് പഠിക്കുക. വേണ്ടാത്തത് വായിച്ച് സമയം കളയരുത്.""
ആകർഷകം, സുന്ദരം
ജി.എച്ച്. ഹാർഡിയുടെ സുഹൃത്തായ ഗണിതശാസ്ത്രജ്ഞനായിരുന്നു  ജോർജ്ജ്  പോളിയ. അദ്ദേഹം ഒരിക്കൽ ഹാർഡിയുടെ പക്കൽനിന്നും രാമാനുജന്റെ  നോട്ട് ബുക്ക്  വായിക്കാൻ വേണ്ടി വാങ്ങി. വായന തുടങ്ങിയ ഉടനെ അതിൽ എഴുതിയ രാമാനുജന്റെ കണ്ടുപിടുത്തങ്ങൾ അദ്ദേഹം തെളിയിക്കാൻ ആരംഭിച്ചു. മൂന്നു ദിവസം തുടർച്ചയായി  ഈ  കാര്യത്തിൽ മുഴുകിയിരുന്ന് സ്വന്തം ഗവേഷണകാര്യം  മറന്നുപോയ വിവരം മൂന്നു ദിവസം കഴിഞ്ഞാണ് അദ്ദേഹം മനസിലാക്കിയത്. തന്റെ  ജീവിതകാലം മ ുഴുവൻ രാമാനുജന്റെ  കണ്ടുപിടുത്തങ്ങൾ തെളിയിക്കാൻ വേണ്ടി  വിനിയോഗിക്കേണ്ടി വരുമെന്ന് മനസിലാക്കിയ ജോർജ്ജ് പോളി  ഉടനെ നോട്ട്ബുക്ക് ഹാർഡിക്ക് തിരിച്ചു കൊടുത്തു. അത്രയും ആകർഷകവും സുന്ദരവുമായിരുന്നു രാമാനുജന്റെ കണ്ടുപിടുത്തങ്ങൾ.