
വളാഞ്ചേരി: 'നിങ്ങൾക്കിടയിലുള്ളവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ സത്കർമ്മം '- ഇരിമ്പിളിയം ജി.എച്ച്.എസ്.എസ് 1987-88 എസ്.എസ്.എൽ.സി വാട്സ്ആപ്പ് കൂട്ടായ്മയുടെ കഴിഞ്ഞ വർഷം നടന്ന ലോഗോ പ്രകാശന ചടങ്ങിൽസാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞ ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ ഏറ്റെടുക്കുകയായിരുന്നു കൂട്ടായ്മ. അകാലത്തിൽ മരിച്ച സഹപാഠി വലിയകുന്ന് വടക്കേപ്പാട്ട്തൊടി നന്ദകുമാറിന്റെ കുടുംബത്തിനായി വീട് നിർമ്മിച്ച് നൽകിയിരിക്കുകയാണ് അവർ.
33 വർഷങ്ങൾക്ക് ശേഷം 2021 ഡിസംബറിലാണ് പൂർവ്വ വിദ്യാർത്ഥികൾ വാട്സ്ആപ്പ് കൂട്ടായ്മ രൂപവത്കരിച്ചത്. സഹപാഠികളായ 140 പേർ ഗ്രൂപ്പിലുണ്ട്.വിഷുക്കാലത്ത് അകാലത്തിൽ മരിച്ച മൂന്ന് സുഹൃത്തുക്കളുടെ വീട്ടിൽ വിഷുക്കൈനീട്ടം നൽകാൻ പോയപ്പോഴാണ് നന്ദകുമാറിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാകുന്നത്. 2014ൽ സ്ട്രോക്ക് കാരണം മരിച്ച നന്ദകുമാറിന്റെ ഭാര്യയും മൂന്ന് മക്കളും പ്രായമായ അമ്മയും തകർന്ന വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അവർക്ക് നല്ലൊരു വീടൊരുക്കാൻ തീരുമാനിച്ച കൂട്ടായ്മ അതിവേഗം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ജൂണിൽ തറക്കല്ലിട്ട വീട് നിർമ്മാണം വളരെ വേഗം പൂർത്തീകരിക്കാനായി. സ്കൂളിലെ മുൻ അദ്ധ്യാപിക പാത്തുമ്മക്കുട്ടിയെ  മുഖ്യരക്ഷാധികാരിയാക്കി. വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നായി സ്വരൂപിച്ച 11.50 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്. 11ന് വീട് കുടുംബത്തിന് കൈമാറും. ഹാരിസ് കൊടുമുടി, മുഹമ്മദ് അബ്ദുറഹ്മാൻ എന്നിവരാണ് കൂട്ടായ്മ രൂപവത്കരണത്തിനും വീട് നിർമ്മാണത്തിനും നേതൃത്വം നൽകിയത്. സഹപാഠികളുടെ ക്ഷേമത്തിനൊപ്പം സ്കൂളിന്റെ വികസനത്തിനും ആവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.