
കുറ്റിപ്പുറം: മെഡിസിന് പഠിക്കുന്നെങ്കിൽ ഡൽഹി എയിംസിൽ മാത്രം, രണ്ടു തവണ നീറ്റ് പരീക്ഷ എഴുതിയപ്പോഴും റാങ്കിൽ ഏറെ പിന്നിലായിരുന്ന മലപ്പുറം തവനൂർ പടന്നപ്പാട്ട് വീട്ടിൽ നന്ദിത (20) തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോയില്ല. ആത്മവിശ്വാസത്തോടെ കഠിനപ്രയത്നം തുടർന്നു. മൂന്നാം ശ്രമത്തിൽ ലഭിച്ചത് ദേശീയ തലത്തിൽ 47ാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും. ദേശീയതലത്തിൽ ഒ.ബി.സി വിഭാഗത്തിൽ ഏഴാം റാങ്കുമുണ്ട്. ആദ്യ 50 റാങ്കുകാർക്ക് എയിംസിൽ പ്രവേശനം ലഭിക്കാറുണ്ട് എന്നതിനാൽ ജനറൽ വിഭാഗത്തിൽ തന്നെ പ്രവേശനം കിട്ടുമെന്ന പ്രതീക്ഷയിലാണ് നന്ദിത.
2020ൽ തിരുന്നാവായ നവാമുകുന്ദ സ്കൂളിൽ നിന്ന് പ്ലസ്ടു 97.3 ശതമാനം മാർക്കോടെയാണ് പാസായത്. ആ വർഷം നീറ്റ് ഏഴുതി. കാര്യമായ റാങ്കൊന്നും ലഭിച്ചില്ല. സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ റിപ്പീറ്റിന് ചേർന്നു. ദേശീയതലത്തിൽ റാങ്ക് 2,900. സ്വകാര്യ മെഡിക്കൽ കോളേജിൽ അഡ്മിഷന് ശ്രമിക്കാമായിരുന്നെങ്കിലും ഡൽഹി എംയിസായിരുന്നു സ്വപ്നം. മൂന്നാമത്തെ ശ്രമത്തിൽ ചിട്ടയായ പഠനത്തിലൂടെ മികച്ച നേട്ടത്തിലെത്തി.
ഏക സഹോദരനും ദുബായ് എയ്റോ സ്പേസിൽ എൻജിനിയറുമായ ദീപക്കും അതിന് വഴികാട്ടിയായി. പിതാവ് പത്മനാഭൻ റിട്ടയേർഡ് എയർഫോഴ്‌സ് ജീവനക്കാരനാണ്. മാതാവ് കോമളവല്ലി. കുടുംബവും പഠിച്ച സ്ഥാപനവും നൽകിയ പൂർണ പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് നന്ദിത പറഞ്ഞു.