tirur
മലയാള സാഹിത്യ മ്യൂസിയത്തിന് ചുറ്റും പുല്ലും കുറ്റിക്കാടും വളർന്ന നിലയിൽ

തിരൂർ: തിരൂർ തുഞ്ചൻപറമ്പിലെ വായനശാലയുടെയും മ്യൂസിയത്തിന്റെയും പരിസരങ്ങൾ പുല്ലും കുറ്റിക്കാടും നിറഞ്ഞു നടക്കാൻ പറ്റാത്ത അവസ്ഥയിൽ. കോടികൾ ചിലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾ തുഞ്ചൻപറമ്പിൽ നടത്തിയിട്ടും ആവശ്യത്തിന് ശുചീകരണ ജീവനക്കാരെ നിയമിക്കാത്തതാണ് പലയിടങ്ങളിലും കാട് പിടിക്കാൻ കാരണം. ഇഴജന്തുക്കളെ പേടിച്ചുവേണം വേണം വായനശാലയിൽ എത്തിപ്പെടാൻ. ഇതിന് അടുത്തായി സ്ഥിതി ചെയ്യുന്ന മലയാള ഭാഷാ മ്യൂസിയത്തിലേക്ക് പോവണമെങ്കിലും നിറയെ വളർന്നു നിൽക്കുന്ന കുറ്റിപുല്ലുകളും കാട്ടുചെടികളും താണ്ടിവേണം എത്താൻ. ഗസ്റ്റ് ഹൗസിന് സമീപവും പുല്ല് നിറഞ്ഞ അവസ്ഥയാണ്. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം എം.ടി.വാസുദേവൻ നായർ ചെയർമാനായ ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സ്‌കൂളിൽ നിന്നും മറ്റും തുഞ്ചൻ പറമ്പ് കാണാനും ചരിത്രം പഠിക്കാനും നിരവധി വിദ്യാർത്ഥികൾ സ്ഥിരമായി സന്ദർശനം നടത്താറുണ്ട്. കാട് പിടിച്ചുകിടക്കുന്ന ഈ അവസ്ഥയിൽ ഇഴജന്തുക്കൾ ഉണ്ടെങ്കിലും കാണാൻ സാധിക്കാത്ത അവസ്ഥയാണ്. പുല്ലുകൾ വെട്ടി ജനസഞ്ചാരം സുഗമമാക്കണമെന്നാണ് സന്ദർശകരുടെ ആവശ്യം.