 
പൊന്നാനി: ശക്തമായ മഴയിലും ആവേശം ഒട്ടും ചേർന്നില്ല; ബിയ്യം കായലിന്റെ ഇരുകരകളിലായി തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ ആർപ്പുവിളികളെ സാക്ഷി നിറുത്തി നടന്ന വള്ളംകളിയിൽ പുറങ്ങ് ഫിറ്റ്വെൽ സ്‌പോർട്സ് ക്ലബ്ബിന്റെ കായൽകുതിര ജല രാജാക്കന്മാരായി. മേജർ വിഭാഗത്തിലും മൈനർ വിഭാഗത്തിലും കായൽകുതിരയാണ് ജേതാക്കളായത്.
പ്രളയവും കൊവിഡും കാരണം മൂന്ന് വർഷം നടക്കാതിരുന്ന വള്ളംകളി മുഴുവൻ ആവേശവും പുറത്തെടുത്താണ് ഇത്തവണ നടന്നത്. ബിയ്യം കായലിന്റെ കൊച്ചോളങ്ങളെ വകഞ്ഞു മാറ്റി ലക്ഷ്യത്തിലേക്ക് കുതിച്ച വള്ളങ്ങൾ കായലിന്റെ ഇരുകരകളിലായി തിങ്ങിനിറഞ്ഞ ആയിരങ്ങളിൽ ആവേശ മഴ പെയ്യിച്ചു.
പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂർ, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റർ എന്നിവടങ്ങളിൽ നിന്നായി പത്ത് മേജർ വള്ളങ്ങളും പതിനാല് മൈനർ വള്ളങ്ങളുമാണ് മത്സരത്തിനിറങ്ങിയത്. ആവേശം അലയടിച്ച മേജർ വിഭാഗം വള്ളങ്ങളുടെ മത്സരത്തിൽ ചൈതന്യ ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിന്റെ കെട്ടുകൊമ്പൻ രണ്ടാം സ്ഥാനക്കാരായി. കാഞ്ഞിരമുക്ക് ന്യൂ ടൂറിസ്റ്റ് ക്ലബ്ബിന്റെ പറക്കും കുതിര മൂന്നാമതെത്തി.
മൈനർ വിഭാഗത്തിൽ എം എം നഗർ യുവ ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിന്റെ യുവരാജയാണ് രണ്ടാം സ്ഥാനക്കാർ. യുവശക്തി കാഞ്ഞിരമുക്കിന്റെ വജ്ര മൂന്നാമതായി. രണ്ട് വിഭാഗത്തിലും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. മേജർ മൈനർ വിഭാഗങ്ങളിലായി 24 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായൽ ജലോത്സവത്തിന് മലപ്പുറം ,പാലക്കാട് ,തൃശൂർ ജില്ലകളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയത്. മത്സരത്തിന്റെ മുന്നോടിയായി വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ജലഘോഷയാത്രയും ശിങ്കാരിമേളവും നടന്നിരുന്നു. ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമാണ് സമ്മാനത്തുക. വള്ളംകളി മത്സരങ്ങളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ പി നന്ദകുമാർ എം എൽ എ വിതരണം ചെയ്തു. വിജയികൾക്ക് തുഞ്ചൻ സ്മാരക എവർ റോളിംഗ് ട്രോഫിയാണ് നൽകിയത്.