gggg

മലപ്പുറം: ഈ വർഷം ജൂലായ് വരെ റോഡപകടങ്ങളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 2,537 പേർ. ഏഴ് മാസത്തിനിടെ 25,498 റോഡപകടങ്ങളാണ് ഉണ്ടായത്. 2016-19 വരെ നാലായിരത്തിന് മുകളിലായിരുന്നു മരണസംഖ്യ. 2020 മുതൽ 4,​000ത്തിൽ താഴെയാണ്. ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കാനാവുന്നത് മരണസംഖ്യ കുറയ്ക്കുന്നുണ്ട്. കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങളും അപകടങ്ങൾ കുറയാൻ കാരണമായി. 598 പേർ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി മലപ്പുറം ജില്ലയിലും മരണപ്പെട്ടു.

ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും അപകടങ്ങളിൽപെടാറുള്ളത്. 2021ൽ മാത്രം 9,822 കാറുകളും 10,154 ഇരുചക്രവാഹനങ്ങളും അപകടത്തിൽപെട്ടു. 18 വയസ് തികയാത്ത കുട്ടിഡ്രൈവർമാരിൽ നിന്നുണ്ടാകുന്ന അപകടങ്ങളും കൂടുതലാണ്. മൂന്ന് വർഷത്തിനിടെ മലപ്പുറം ജില്ലയിൽ 620 കുട്ടിഡ്രൈവർമാർ വാഹനാപകടങ്ങളിൽ ഇരകളായിരുന്നു. 2018-19 വർഷം ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കുട്ടിഡ്രൈവർമാരിൽ നിന്നുണ്ടാകുന്ന അപകടങ്ങൾ കൂടുതലായിരുന്നു. മോട്ടോർ വാഹനവകുപ്പ് ഇവരെ പിടികൂടാൻ നിരവധി ഓപ്പറേഷനുകൾ ആരംഭിച്ചതോടെ അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ പരിശോധനയിലടക്കം നിരവധി വാഹനങ്ങളാണ് പിടികൂടാറുള്ളത്. സ്കൂളുകളിലേക്ക് കുട്ടികൾ വാഹനങ്ങൾ കൊണ്ടുവരരുതെന്ന് സ്കൂൾ അധികൃതരുടെയും കർശന നിർദ്ദേശമുണ്ട്.

ജീവനെടുക്കുന്ന അശ്രദ്ധ

വാഹനമോടിക്കുന്നവരുടെ അശ്രദ്ധയാണ് കൂടുതലായും അപകടങ്ങളുണ്ടാക്കുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൂടുതലും ഇരുചക്രവാഹനക്കാരിലാണ് അശ്രദ്ധ മൂലമുള്ള അപകടം ഉണ്ടാവാറുള്ളത്. അശ്രദ്ധ കാരണം 2,​076 പേരാണ് 2021ൽ മരണമടഞ്ഞത്. ഇതിൽ 1,​969 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമായിരുന്നു. മൊബൈലിൽ സംസാരിക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളും മദ്യം കഴിച്ച് വാഹനം ഓടിക്കുമ്പോഴുണ്ടാവുന്ന അപകടങ്ങളും കുറഞ്ഞുവരുന്നുണ്ട്.

സംസ്ഥാനത്ത് റോഡപകടം മൂലമുണ്ടായ മരണങ്ങൾ

2019 - 4,440

2020 - 2,979

2021 - 3,429

2022 - 2,537

അപകടങ്ങൾ

2019 - 41,111

2020 - 27,877

2021 - 33,296

മലപ്പുറത്ത് മരിച്ചത്

2020 - 247

2021 - 291