നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി. നന്ദിത സ്വപ്ന യാത്രയിലേക്ക്...

പി. നന്ദിത, അച്ഛൻ പത്മനാഭൻ, അമ്മ കോമളവല്ലി
രാജ്യത്ത് 17.64 ലക്ഷം കുട്ടികളാണ് ഇത്തവണ നീറ്റ് യു.ജി പരീക്ഷയെഴുതിയത്. കേരളത്തിൽ 1.16 ലക്ഷം പേരും. നീറ്റെന്ന സ്വപ്നത്തിലേക്ക് രാത്രിയെ പകലാക്കി പഠിച്ചവർ. ഇവർക്കിടയിൽ നിന്നാണ് കേരളത്തിന്റെ അഭിമാനമായി മലപ്പുറം തവനൂർ ഗാന്ധിനഗറിലെ പി.നന്ദിത പറന്നുയർന്നത്. 720ൽ 701 മാർക്കും നേടി നീറ്റിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും രാജ്യത്ത് 47ഉം പെൺകുട്ടികളിൽ പതിനേഴാം സ്ഥാനവും കരസ്ഥമാക്കി ഈ മിടുമിടുക്കി.
കഴിഞ്ഞ വർഷം 579 മാർക്കുമായി രാജ്യത്ത് 29,097ാം സ്ഥാനത്തും കേരളത്തിൽ രണ്ടായിരത്തിന് മുകളിലുമായിരുന്നു നന്ദിത. ഇവിടെ നിന്നാണ് നിശ്ചയദാർഢ്യത്തിന്റെയും കഠിന പരിശ്രമത്തിന്റെയും ട്രാക്കിലേറി നന്ദിതയുടെ കുതിപ്പ്. ഡൽഹി എയിംസാണ് ലക്ഷ്യം. ആദ്യ 50 റാങ്കുകാർക്ക് എയിംസിൽ പ്രവേശനം ലഭിക്കാറുണ്ട്. റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്മനാഭന്റെയും കോമളവല്ലിയുടെയും മകളാണ്. ദുബായിൽ എയറോസ്പേസ് എൻജിനീയറായ ദീപക്കാണ് സഹോദരൻ. നീറ്റ് റാങ്കിലേക്കുള്ള യാത്രയും പരീക്ഷാർത്ഥികൾക്കായി പഠന വഴികളും പങ്കുവയ്ക്കുകയാണ് നന്ദിത.
ആദ്യം ഇഷ്ട വിഷയം പഠിക്കാം
സ്വകാര്യ പരിശീലന സ്ഥാപനത്തിൽ ഓൺലൈനിലായിരുന്നു പഠനം. തുടക്കത്തിൽ പത്തും പന്ത്രണ്ടും മണിക്കൂറും പരീക്ഷയടുത്തതോടെ 15ഉം വരെയാക്കി പഠനം. പുലർച്ചെ 4.45ന് എണീക്കും. ഇഷ്ടവിഷയം ആദ്യം പഠിക്കും. ഉറക്കം തടയാനുള്ള വഴിയാണിത്. ആശയം മനസ്സിലാക്കിയായിരുന്നു പഠനം. ഷോർട്സ് നോട്ട്സും തയ്യാറാക്കും. തുടർച്ചയായി പാഠഭാഗങ്ങൾ റിവൈസ് ചെയ്യും. എത്ര പഠിച്ചാലും മറന്നുപോകുന്ന ചിലത് പ്രത്യേകം എഴുതിവയ്ക്കും. എൻ.സി.ആർ.ടിയുടെയും പരിശീലന സ്ഥാപനത്തിന്റെയും ബുക്കുകൾ റഫർ ചെയ്യും. പരിശീലന കേന്ദ്രത്തിലെ പരീക്ഷകൾക്ക് പുറമെ മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾക്ക് ഉത്തരം എഴുതി ശീലിച്ചു. നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷയെഴുതാനും പരിശീലിച്ചു. മൂന്നും നാലും മണിക്കൂർ കുത്തിയിരുന്ന് പഠിക്കില്ല. വിരസത തോന്നിയാൽ കുറച്ച് സമയം വിശ്രമിക്കും. രാത്രി പത്തരയോടെ പഠനം അവസാനിപ്പിക്കും. ദിവസം ആറ് മണിക്കൂർ ഉറങ്ങും.
പറയൂ നോ ടെൻഷൻ
പരിശീലന കേന്ദ്രത്തിലെ പരീക്ഷകളിൽ ചിലപ്പോൾ മാർക്ക് കൂടുകയോ കുറയുകയോ ചെയ്യാം. ഇതിൽ മനസ് ഉടക്കി യഥാർത്ഥ പരീക്ഷയായ നീറ്റിനെ കൈവിടാതെ നോക്കണം. നല്ല മാർക്ക് കിട്ടിയാൽ എല്ലാം അറിയാം എന്നോ, കുറഞ്ഞാൽ ഒന്നും അറിയില്ല എന്നോ വിചാരിക്കരുത്. രണ്ടും പഠനകാലയളവിൽ എല്ലാ കുട്ടികൾക്കും സംഭവിക്കുന്ന കാര്യങ്ങളാണ്. നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കാൻ മനസ്സിനെ സജ്ജമാക്കണം. ടെൻഷൻ അടിക്കാതിരിക്കാൻ ഞാൻ സ്വയം മോട്ടിവേറ്റ് ചെയ്യാറുണ്ട്. നീറ്റ് എഴുതിയവരുടെ വീഡിയോകൾ ഇടയ്ക്ക് കാണും. ഇനി ചെയ്യേണ്ട കാര്യങ്ങൾ മനസ്സിലാക്കാനാവും. നല്ല സ്ട്രെസ്സ് വരുമ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. കുറച്ചുനേരം ടിവി കാണും. ക്ലാസ് ടീച്ചറെ വിളിച്ചും സംസാരിക്കും. വീട്ടുകാരും അദ്ധ്യാപകരും വലിയ പിന്തുണയാണ് തന്നിരുന്നത്. മറ്റുള്ളവരെയല്ല, അവനവനെ എതിരാളിയായി കണ്ടുവേണം പഠിക്കാൻ. ആത്മാർത്ഥമായി പരിശ്രമിച്ചാൽ വിജയം വന്നുചേരും.
വേണമൊരു സ്വപ്നം
മുന്നിലൊരു സ്വപ്നമുള്ളപ്പോൾ അതിന് വേണ്ടി പരിശ്രമിക്കാൻ കൂടുതൽ ഊർജ്ജം കിട്ടും. നല്ലൊരു മെഡിക്കൽ കോളേജിൽ പഠിക്കണമെന്ന മോഹം ഉള്ളിലുണ്ടായിരുന്നു. ഡൽഹി എയിംസായിരുന്നു സ്വപ്നം. അവിടെ തന്നെ പഠിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.