
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ്, നിർമ്മാണത്തിനായി അടച്ചിട്ട് മൂന്നുവർഷം തികയുകയും പണി 90 ശതമാനവും പൂർത്തിയാവുകയും ചെയ്തിട്ടും തുറന്ന് നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ച് തുറന്നു നൽകുമെന്ന് പറഞ്ഞ് തുടങ്ങിയ പ്രവൃത്തി ഇനിയും പൂർത്തിയാക്കാനായിട്ടില്ല.കരാർ പ്രകാരം നിർമ്മാണക്കമ്പനിയായ ഊരാളുങ്ങലിന് ഇനിയും തുക കൈമാറാത്തതാണ് ബസ് സ്റ്റാൻഡ് തുറക്കുന്നത് വൈകാൻ കാരണമെന്ന് കരുതപ്പെടുന്നു. ഇത് മൂലം യാത്രക്കാരും വ്യാപാരികളും ബസ് ഓട്ടോ തൊഴിലാളികളും വിദ്യാർത്ഥികളുമടങ്ങുന്ന സമൂഹം ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ റൂമുകൾ ലേലം നൽകി ഫണ്ട് കണ്ടെത്തിയാൽ ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതർ അവസാനമറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ പങ്കെടുക്കാൻ എത്തിയ വ്യാപാരികൾ നഗരസഭ നിശ്ചയിച്ച തുക കൂടിപ്പോയതിനാൽ വിട്ടു നിൽക്കുകയായിരുന്നു. വീണ്ടും ഈ മാസം 29 ന് ലേലം നിശ്ചയിച്ചിട്ടുണ്ട്. നിർമ്മാണ കമ്പനിക്ക് ലഭിക്കാനുള്ള തുക ഇനിയും ലഭ്യമാകാത്തതിനാൽ അവർ പണി നിറുത്തിയിട്ടുണ്ട്.നഗരസഭാ അധികൃതരുടെ പിടിപ്പുകേടു മൂലമാണ് ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങാൻ കാരണമെന്ന് ജനകീയ സമിതി ആരോപിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, വ്യാപാരി വ്യവസായി സമിതി എന്നിവരടങ്ങുന്ന ജനകീയ സമരസമിതി 17ന് ബസ് സ്റ്റാന്റ് പരിസരത്ത് സമര പ്രഖ്യാപന കൺവൻഷൻ നടത്തുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത വ്യാപാരി വ്യവസായി സമിതി നേതാക്കളായ ഫൈസൽ അടാട്ടിൽ, സുബൈർ, മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കളായ ടി.ഷംസു, പി.ടി. ഭാനുപ്രകാശ്, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നേതാക്കളായ ശിവാകരൻ, യൂസഫ് വടക്കൻ, നൗഷാദ് പത്തുർ എന്നിവർ പറഞ്ഞു