
പൊന്നാനി: പുതിയ കാലത്ത് പൊന്നാനിയിലൊരു തുറമുഖത്തിന് പ്രസക്തിയുണ്ടോ? .  ഉണ്ട് എന്നതാണ് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന ഉത്തരം. 2002ൽ ചെന്നൈ മലബാർ പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ സാധ്യത പഠനം കൃത്യമായി അടിവരയിടുന്നുണ്ട്. തൂത്തുകുടിക്കും വല്ലാർപാടത്തിനുമിടയിൽ ചെറുകപ്പലുകൾക്ക് ചരക്കിറക്കാനും കയറ്റാനും സഹായകമാകുന്ന തുറമുഖമെന്നതാണ് പൊന്നാനിയുടെ പ്രസക്തി. പൊന്നാനി തീരത്തെ കടലിന്റെ പ്രകൃതിദത്തമായ സ്വഭാവം തുറമുഖത്തിന് അനുഗുണമാണെന്നും പഠനം വ്യക്തമാക്കുന്നു. തീരക്കടലിന്റെ ആഴം കണക്കാക്കിയാൽ ബേപ്പൂരിനേക്കാൾ മികച്ചതാണ് പൊന്നാനി. റോഡ്, ജലഗതാഗതത്തിനുള്ള കണക്ടിവിറ്റിയിലും പൊന്നാനിയാണ് സൗകര്യപ്രദം. വല്ലാർപാടം കണ്ടയ്നർ ടർമിനൽ വലിയ കപ്പലുകൾക്ക് വഴിമാറുന്നതോടെ ചെറു കപ്പലുകളുടെ ആശ്രയ കേന്ദ്രമായി പൊന്നാനിയെ മാറ്റാനാകുമെന്നാണ് കണക്കുകൂട്ടൽ. 
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊന്നാനി കാർഗോ പോർട്ടെന്ന ആശയത്തിന് സംസ്ഥാന സർക്കാർ രൂപം നൽകിയത്. പൂർണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തുറമുഖ നഗരമെന്ന പൊന്നാനിയുടെ പ്രൗഢി തിരിച്ചുപിടിക്കാനാകുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. 2015 ആഗസ്ത് എട്ടിനാണ് പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. ചെന്നൈ മലബാർ പോർട്സിനായിരുന്നു നിർമ്മാണ, നടത്തിപ്പ് ചുമതല. തുറമുഖ നിർമാണത്തിനായി കടലോരത്തെ 29 ഏക്കർ ഭൂമിയും സർക്കാർ അനുവദിച്ചു. രണ്ട് ഘട്ടങ്ങളിലായി 2,000 കോടിയോളം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
2019 ആഗസ്റ്റോടെ നിർമ്മാണം പൂർത്തിയാക്കി തുറമുഖം കമ്മിഷൻ ചെയ്യണമെന്നായിരുന്നു കരാർ. ഏഴുവർഷം കൊണ്ട് അടിത്തറ പോലും നിർമ്മിക്കാൻ കരാറുകാർക്കായില്ല. 
ഉദ്ഘാടന ദിവസം കടലിൽ രണ്ട് ലോഡ് കരിങ്കല്ല് കൊണ്ടുവന്നിട്ടതല്ലാതെ തുറമുഖ നിർമ്മാണത്തിന്റെ പേരിൽ  കാര്യമായൊന്നും നടന്നില്ല. 1,500 മീറ്റർ വിസ്തീർണ്ണമുള്ള അപ്രോച്ച് ബണ്ടിന്റെ നിർമ്മാണത്തിൽ പൂർത്തീകരിച്ചത് നൂറ് മീറ്റർ ഭാഗം മാത്രം. നിർമ്മാണ പ്രവൃത്തികൾ മൂന്ന് മാസത്തിൽ താഴെ മാത്രമാണ് നടന്നത്. പദ്ധതി നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതിന് മുമ്പ് ഇവരെക്കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്ന് ആരോപണമുണ്ട്.