nnnn
.

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭഗവതിക്കണ്ടം നടീൽ നാളെ നടക്കും. ക്ഷേത്രം വടക്കേനടയിൽ ആറാട്ടുകടവിനക്കരെ വിശാലമായ നെൽപ്പാടങ്ങളിൽ 188 സെന്റ് വിസ്തൃതിയിലുള്ള ഒറ്റക്കണ്ടമാണ് ഭഗവതിക്കണ്ടം എന്നറിയപ്പെടുന്ന വലിയ കണ്ടം.

നാളെ രാവിലെ 9:30നുള്ള പന്തീരടിപൂജയ്ക്കു ശേഷമാണ് നടീൽയജ്ഞം. കളത്തുംചാളയ്ക്കൽ കർഷക കുടുംബത്തിലെ മൂപ്പൻ വരമ്പത്ത് ഭദ്രദീപം തെളിയിച്ച് ഇളനീർ വെട്ടി ആടിയ ശേഷം ഒരു മുടി ഞാറ് ആദ്യ നടീലിനായി ദേവസ്വം പ്രതിനിധിയെ എൽപ്പിക്കും.ആദ്യ നടീൽ നിർവ്വഹിക്കുന്നതോടെ ജനങ്ങൾ കണ്ടത്തിലിറങ്ങി നടീലിൽ പങ്കുചേരും. വൈകിട്ട് 4:30നുള്ള തിരിഞ്ഞു പന്തീരടി പൂജയ്ക്കു മുമ്പ് നടീൽ പൂർത്തിയാവണമെന്നാണ് പ്രമാണം. പിന്നീട് യജ്ഞസമാപ്തിയുടെ സന്തോഷത്തിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ട കുടുംബാംഗങ്ങൾ വടക്കേ നടയിൽ ചവിട്ടുകളി അവതരിപ്പിക്കും. ഉദ്യോഗലബ്ധി, കാർഷികാഭിവൃദ്ധി, ശരീരസുഖം എന്നിവയ്ക്ക് വിശേഷപ്പെട്ടതാണ് യജ്ഞത്തിലെ പങ്കാളിത്തമെന്നാണ് വിശ്വാസം.