photo

തീരുമാനം 'പാണക്കാട് തങ്ങൾക്ക് ' വിട്ടു. സുപ്രധാന വിഷയങ്ങളിലെ ചർച്ചകൾക്ക് ശേഷം മുസ്‌ലിം ലീഗ് നേതാക്കൾ മാദ്ധ്യമങ്ങളോട് സ്ഥിരം പറയുന്ന വാചകമാണിത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം കൈയാളുന്ന പാണക്കാട് തങ്ങൾ എടുക്കുന്ന ഏതൊരു തീരുമാനവും എതിർസ്വരമില്ലാതെ അനുസരിക്കുന്ന കീഴ്‌വഴക്കമാണ് പാർട്ടി നേതാക്കളും അണികളും സ്വീകരിക്കാറുള്ളത്. പലപ്പോഴും പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് വഴിവയ്ക്കാൻ സാദ്ധ്യതയുള്ളതും സമവായം പെട്ടെന്ന് സാദ്ധ്യമാവാത്തതുമായ വിഷയങ്ങളിലാണ് തീരുമാനം പാണക്കാട് തങ്ങൾക്ക് വിട്ട് പൊതുയിടത്തും മാദ്ധ്യമങ്ങളിലും വലിയ ചർച്ചയാക്കാതെ ലീഗ് രക്ഷപ്പെടാറുള്ളത്. തീരുമാനം പാണക്കാട് തങ്ങൾക്ക് വിട്ടു എന്ന് പറഞ്ഞാൽ, കുഞ്ഞാലിക്കുട്ടി തീരുമാനമെടുക്കും അത് പാണക്കാട് തങ്ങൾ പറയും എന്ന ആക്ഷേപം ലീഗിൽ തന്നെ ശക്തമാണ്. പാണക്കാട് തങ്ങൾ പ്രഖ്യാപിക്കുന്ന തീരുമാനമായതിനാൽ അതിനെ എതിർക്കാൻ നേതാക്കളോ അണികളോ തയ്യാറാവില്ല. പാർട്ടിയിലെ തന്റെ അപ്രമാദിത്വത്തിന് കൂടുതൽ കരുത്തേകാൻ ഇതുവഴി കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഇതുവരെ ഇങ്ങനെ ആയിരുന്നെങ്കിൽ ഭരണഘടന ഭേദഗതിക്ക് തയ്യാറെടുക്കുന്ന മുസ്‌‌ലിം ലീഗിൽ തുടർന്ന് എങ്ങനെ ആവുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

പാർട്ടി ഭരണഘടനയിലില്ലാത്ത ഉന്നതാധികാര സമിതിയാണ് നിർണ്ണായകമായ പല വിഷയങ്ങളിലും തീരുമാനമെടുക്കുന്നത്. ഏതാനും നേതാക്കന്മാർ മാത്രം ഉൾപ്പെട്ട സമിതിയാണിത്. പ്രവർത്തക സമിതിയോ സംസ്ഥാന കമ്മിറ്റിയോ വിളിച്ചുചേർക്കാതെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടി ഭരണഘടനയ്ക്ക് എതിരാണെന്ന വിമർശനം ശക്തമാണ്. ഇക്കാര്യം പരസ്യമായി പറഞ്ഞാൽ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാവുമോ എന്ന ഭയമാണ് പല നേതാക്കൾക്കും. ഈ സാഹചര്യത്തിലാണ് പാർട്ടി ഭരണഘടന ഭേദഗതി എന്നത് പ്രസക്തമാണ്. ലീഗിൽ ഇതുവരെയില്ലാത്ത സെക്രട്ടറിയേറ്റ് എന്ന സംവിധാനം കൂടി കൊണ്ടുവരുന്നു. 21 അംഗ സെക്രട്ടറിയേറ്റ് രൂപീകരിക്കാൻ ഇ.ടി.മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായ ഭരണഘടന ഭേദഗതി സമിതി ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ സി.പി.എമ്മിനാണ് സുശക്തമായ സെക്രട്ടറിയേറ്റ് സംവിധാനമുള്ളത്. പാർട്ടി സെക്രട്ടറിയടക്കം 16 പേർ. സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നതോടെ 'പാണക്കാട് തങ്ങൾക്ക് ' വിട്ട് പ്രശ്നം പരിഹരിക്കുന്ന രീതി ഉണ്ടാവില്ലെന്നതാണ് പ്രത്യേകത. ഇതിനൊപ്പം തന്നെ അഞ്ചംഗ അച്ചടക്ക സമിതിയെ കൂടി നിയോഗിക്കാൻ എടുത്ത തീരുമാനം സമീപകാലത്ത് മു‌സ്‌ലിം ലീഗിലുണ്ടായ വലിയ സംഘടനാ മാറ്റമാണ്.

ഉന്നതാധികാരം ഇല്ലാതായാൽ

നൂറംഗ പ്രവർത്തക സമിതി,​ അഞ്ഞൂറ് അംഗ സംസ്ഥാന സമിതി എന്നിവയാണ് മുസ്‌ലിം ലീഗിന്റെ ഭരണഘടന പ്രകാരമുള്ള മേൽത്തട്ടിലെ സംഘടനാ സംവിധാനം. എണ്ണപ്പെട്ട നേതാക്കൾ മാത്രം ഉൾപ്പെട്ട ഉന്നതാധികാര സമിതിയെന്ന സംവിധാനം അടുത്ത കാലത്താണ് പാർട്ടിയിൽ കൂടുതൽ പിടിമുറുക്കിയത്. അന്തരിച്ച മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാലത്ത് ഉന്നതാധികാര സമിതിയാണ് മിക്ക നിർണ്ണായക വിഷയങ്ങളിലും നിലപാട് എടുത്തിരുന്നത്. ഇതിലും തീരുമാനമാവാത്തവ പ്രഖ്യാപിക്കാൻ ഹൈദരലി തങ്ങളെയും ചുമതലപ്പെടുത്തും. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ഉന്നതാധികാര സമിതിയിലും ഹൈദരലി തങ്ങളെടുക്കുന്ന തീരുമാനത്തിലും നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. ഏതൊരു പ്രതിസന്ധിയെയും നയചാതുരിയോടെ നേരിടാനും വിവാദങ്ങളിലേക്ക് പോവാതെ കാര്യങ്ങളെ നിയന്ത്രിക്കാനുമുള്ള കുഞ്ഞാലിക്കുട്ടിയുടെ ശേഷിയെ ലീഗിൽ അദ്ദേഹത്തിന്റെ എതിർചേരിയിലുള്ളവർ പോലും അംഗീകരിക്കും. കുഞ്ഞാലിക്കുട്ടിയോളം പ്രഭാവമുള്ള മറ്റൊരു നേതാവ് നിലവിൽ ലീഗിൽ ഇല്ല. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് ചുവടുമാറ്റിയതോടെ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലേക്ക് ഡോ.എം.കെ.മുനീറിനെ ആയിരുന്നു ലീഗ് നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തും യു.ഡി.എഫിലും നേരത്തെ ലീഗിന് കിട്ടിയിരുന്ന പ്രാധാന്യം എം.കെ.മുനീറിലൂടെ കിട്ടുന്നില്ലെന്ന വിലയിരുത്തൽ പോലുമുണ്ടായി. കുഞ്ഞാലിക്കുട്ടിയുടെ പ്രഭാവം വീണ്ടും പാർട്ടി തിരിച്ചറിഞ്ഞ സന്ദർഭമായിരുന്നു അത്. ഉന്നതാധികാര സമിതിയിലെ തീരുമാനങ്ങളുടെ നെടുംതൂണായി കുഞ്ഞാലിക്കുട്ടി നിലകൊണ്ടു. സെക്രട്ടറിയേറ്റ് വരുമ്പോൾ ഈ പ്രഭാവം നിലനിർത്താനാവുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ലക്ഷ്യം അച്ചടക്കവും

ജനാധിപത്യവും

ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലിരുന്ന പാണക്കാട് തങ്ങന്മാരിൽ നിന്നും വിഭിന്നനാണ് നിലവിലെ അദ്ധ്യക്ഷനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പദവിയെ ആലങ്കാരികമാക്കി സംഘടനാ സംവിധാനത്തിൽ പിടിമുറുക്കാതെ പ്രവർത്തിക്കുന്ന ശൈലിയായിരുന്നു പാണക്കാട് തങ്ങന്മാർ പുലർത്തിയിരുന്നത്. എന്നാൽ സാദിഖലി തങ്ങൾക്ക് താഴെതട്ട് മുതൽ വ്യക്തമായ നിയന്ത്രണങ്ങളുണ്ട്. പോഷക സംഘടനകളുടെ അടക്കം തലപ്പത്ത് ഇഷ്ടക്കാരുണ്ട്. പാർട്ടിയിലെ ഏതൊരു നീക്കവും അതിവേഗത്തിൽ തിരിച്ചറിയാനാവും. അച്ചടക്കത്തിന് ഏറെ പ്രാധാന്യമേകുന്ന നിലപാടും സാദിഖലി തങ്ങളെ വേറിട്ടുനിർത്തുന്നു. ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട നടപടി ഏറെ വിവാദമായപ്പോഴും പാർട്ടിക്കുള്ളിൽ പറയേണ്ടത് മാദ്ധ്യമങ്ങളിലൂടെ പരസ്യമാക്കാൻ പാടില്ലെന്ന നിലപാടുമായി തീരുമാനത്തിൽ ഉറച്ചുനിന്നു. പല നേതാക്കളും അച്ചടക്ക വാളിന്റെ മൂർച്ചയറിഞ്ഞു. ഉന്നതാധികാര സമിതിക്ക് പകരം സെക്രട്ടറിയേറ്റും അച്ചടക്കത്തിന് സമിതിയും കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലും സാദിഖലി തങ്ങളുടെ നിശ്ചയദാർഢ്യമുണ്ട്. സെക്രട്ടറിയേറ്റ് വരുന്നതിലൂടെ തീരുമാനങ്ങൾക്ക് കൂടുതൽ ജനാധിപത്യ സ്വഭാവം കൊണ്ടുവരാനും പാർട്ടിയുടെ സംഘടനാ കെട്ടുറപ്പ് വർദ്ധിപ്പിക്കാനാവുമെന്ന വിലയിരുത്തിലിലാണ് അദ്ദേഹം.

അച്ചടക്കം വൺസൈഡോ ?

പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണെന്ന് സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടുമ്പോഴും കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേ‌ർന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ കെ.എം.ഷാജിക്കെതിരായ വിമർശനങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത് സംബന്ധിച്ച് പാ‌ർട്ടി നേതൃത്വം മൗനം പുലർത്തുകയാണ്. കഴിഞ്ഞ ജൂലായിൽ കൊച്ചിയിൽ ചേ‌ർന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ സി.പി.എമ്മിനോട് പി.കെ.കുഞ്ഞാലിക്കുട്ടി പുലർത്തുന്ന മൃദുസമീപനം ചൂണ്ടിക്കാട്ടി കെ.എം.ഷാജിയും ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയും രൂക്ഷ വിർശനങ്ങൾ ഉന്നയിച്ചിരുന്നു. മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് കെ.എസ്.ഹംസയെ സ്ഥാനത്ത് നിന്ന് നീക്കുകയും സസ്പെന്റും ചെയ്യുകയും ചെയ്തു. നടപടി കെ.എം.ഷാജിക്കുള്ള പരോക്ഷ മറുപടി കൂടിയായി. കുഞ്ഞാലിക്കുട്ടി എതിർചേരിയിലെ പ്രമുഖനായ കെ.എം.ഷാജിക്കെതിരെ നടപടിയെടുത്താൽ അത് പാർട്ടിക്കുള്ളിൽ വലിയ കോലാഹലങ്ങൾക്ക് വഴിവയ്ക്കുമെന്ന് തിരിച്ചറിഞ്ഞായിരുന്നു ഹംസക്കെതിരെ അച്ചടക്ക വാളോങ്ങി ഷാജിയെ നിശബ്ദനാക്കാൻ ശ്രമിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും ഷാജി അടങ്ങിയില്ല. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്കെതിരെ പാർട്ടി വേദികളിൽ തന്നെ വിമർശനങ്ങൾ ഉന്നയിച്ചു. സി.പി.എമ്മിനോട് കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന വികാരം യുവ നേതാക്കൾക്കിടയിലുണ്ട്. ഇതു കൂടി തിരിച്ചറിഞ്ഞാണ് ഷാജിയുടെ നീക്കം. യുവനേതാക്കളുടെ മാനസിക പിന്തുണയും ഷാജിക്കുണ്ട്. ഇത് ലീഗ് നേതൃത്വവും തിരിച്ചറിയുന്നുണ്ട്.

എൽ.ഡി.എഫിലേക്ക് പോവാൻ ലീഗിലെ മുതിർന്ന ഒരുകൂട്ടം നേതാക്കൾക്ക് താത്പര്യമുണ്ടെങ്കിലും ഇതിന് തടയിടുന്നത് യുവ നേതാക്കളുടെ നിലപാടാണ്. ഹരിത വിവാദത്തിന് പിന്നാലെ നടപടി നേരിട്ട യുവ വനിതാ നേതാക്കളെ സി.പി.എം ലക്ഷ്യമിട്ടിരുന്നെങ്കിലും ഈ നീക്കത്തോട് രൂക്ഷമായാണ് ഇവർ പ്രതികരിച്ചത്. ലീഗിൽ തന്നെ തുടരുമെന്നും ആശയപരമായ ഒരുതരത്തിലും സമരസപ്പെടാൻ പറ്റാത്ത സംഘടനയിലേക്ക് തങ്ങളില്ലെന്നും ഇവർ നിലപാടെടുത്തു. ലീഗിലെ യുവനേതൃത്വം സി.പി.എമ്മിനോട് പുലർത്തുന്ന സമീപത്തിന്റെ തെളിവായി ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ഇടതിലേക്ക് പോവാനുള്ള ചിലരുടെ ആഗ്രഹത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നത് യുവതലമുറയുടെ താത്പര്യക്കുറവ് കൂടിയാണ്. ഐഡന്റിറ്റി പൊളിറ്റിക്സ് കൂടുതലായി ഉയർത്തണമെന്ന വികാരമാണ് യുവതലമുറയ്ക്ക്.

കൊച്ചിയിലെ പോലെ തന്നെ മലപ്പുറത്ത് ചേർന്ന പ്രവർത്തക സമിതിയിൽ ഉയർന്ന വിമർശനങ്ങളും മാദ്ധ്യമങ്ങളിലൂടെ പുറംലോകത്തെത്തി. എന്നാൽ കൊച്ചിയിലെ വിവരം ചോർത്തലിന് പിന്നാലെ ഉണ്ടായ അച്ചടക്ക നടപടി മലപ്പുറത്തെ യോഗത്തിന്റെ കാര്യത്തിൽ ഉണ്ടാവാൻ ഇടയില്ല. കുഞ്ഞാലിക്കുട്ടി പക്ഷക്കാരാണ് ഷാജിക്കെതിരായ വിമർശനം മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കെടുത്തതെന്നാണ് ആരോപണം. ഇതിൽ നടപടി എടുക്കുകയാണെങ്കിൽ അത് പരോക്ഷമായി കുഞ്ഞാലിക്കുട്ടിക്ക് എതിരായ നടപടി കൂടിയാവും. കെ.എസ്.ഹംസക്കെതിരെ നടപടിയെടുത്തത് തുടർച്ചയായ പാർട്ടി വിരുദ്ധപ്രവർത്തനങ്ങളെ തുടർന്നാണെന്നാണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടിപക്ഷം പ്രചരിപ്പിക്കുന്നത്. മറിച്ച് മാദ്ധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയന്നതിന്റെ പേരിലാണെന്നത് അംഗീകരിച്ചാൽ മലപ്പുറത്തെ പ്രവർത്തക സമിതിയിലെ വിമർശനങ്ങൾ പുറത്തുവിട്ടവർക്കെതിരെയും നടപടിയെടുക്കേണ്ടിവരും. വിമർശിച്ചാൽ ശത്രുപാളയത്തിലേക്ക് പോവുമെന്ന് കരുതേണ്ടെന്ന ഷാജിയുടെ പ്രതികരണവും പിന്നാലെ വന്നിട്ടുണ്ട്. ഭരണഘടന ഭേദഗതിയടക്കം വരുത്തി ലീഗ് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുമ്പോഴാണ് ഇത്തരം പക്ഷപാത നിലപാടുകൾ ചൂണ്ടിക്കാട്ടപ്പെടുന്നത്.