bbbbbbb

മലപ്പുറം: കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്നത് ജില്ലയിൽ വർദ്ധിക്കുന്നു. കേസുകൾ മുൻവർഷങ്ങളേക്കാളും കൂടുന്നുവെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. 2018 മുതൽ 2022 ജൂലായ് വരെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 2,​007 പോക്സോ കേസുകളാണ്.

2016ൽ 244ഉം 2017ൽ 220ഉം കേസുകളാണ് ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്തിരുന്നത്. 2018 മുതൽ 2021വരെ പ്രതിവർഷം 400ന് മുകളിലാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക്. 2022 ജൂലായ് ആയപ്പോഴേക്കും 302 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈനും പൊലീസും കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ തടയാൻ നിരവധി ശ്രമങ്ങൾ നടത്തുമ്പോഴും ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു.

കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണം

ശൈശവ വിവാഹങ്ങളിൽ കുറവ് വന്നിട്ടുണ്ടെങ്കിലും സ്വകാര്യമായും മറ്റും ശൈശവ വിവാഹങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ഒരു വർഷത്തിനിടെ 33 ശൈശവ വിവാഹങ്ങളാണ് ജില്ലയിൽ നടന്നിട്ടുള്ളത്. 18 തികയും മുമ്പേ 10 പെൺകുട്ടികളാണ് ഒരു വർഷത്തിനിടെ ജില്ലയിൽ ഗർഭം ധരിച്ചത്. ഇത്തരത്തിൽ ഗർഭം ധരിക്കുന്നവരെയും കുഞ്ഞിനെയും സംരക്ഷിക്കാൻ ജാഗ്രതയോടെയാണ് ശിശുക്ഷേമ വകുപ്പിന്റെ പ്രവർത്തനം. സാമൂഹിക മാദ്ധ്യമങ്ങൾ വഴി വഞ്ചിതരാവുന്നവരുടെ എണ്ണവും കുറവല്ല. ഫേക്ക് ഐഡികളിൽ വന്ന് പ്രണയബന്ധം സ്ഥാപിക്കുകയും പിന്നീട് ചതിയിൽ പെടുത്തുന്നതുമാണ് രീതി. സ്കൂളിലെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ജാഗ്രതയും കൗൺസലിംഗും ഉറപ്പ് വരുത്തിയാലേ ഒരു പരിധിവരെയെങ്കിലും സാമൂഹിക മാദ്ധ്യമങ്ങളുടെ ചതിക്കുഴികളിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്താനാകൂ.

ജില്ലയിൽ രജിസ്റ്റർ പോക്സോ കേസുകൾ

2016- 244

2017- 220

2018- 410

2019-448

2020-387

2021- 460

2022 - ജൂലായ് വരെ - 302

.