malappuram
സ്റ്റാമ്പും കവറും സമർപ്പിക്കണമെന്ന് കാണിച്ച് സിവിൽ സ്റ്റേഷനിലെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഓഫീസിൽ പതിച്ച നോട്ടീസ്

മലപ്പുറം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി ഫയൽ ചെയ്യുന്നവരോട് തുടർനടപടി പോസ്റ്റലായി അറിയിക്കുന്നതിന് സ്റ്റാമ്പും കവറും കൂടി സമർപ്പിക്കാൻ നിർദ്ദേശം. നേരത്തെ കമ്മിഷൻ ഓഫീസിൽ നിന്നുള്ള സ്റ്റാമ്പും കവറുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതു വാങ്ങാനുള്ള തുക ഒരു മാസത്തിലധികമായി സ‌ർക്കാർ അനുവദിച്ചിട്ടില്ല. ഇതോടെ പരാതിക്കാരോട് തന്നെ 25 രൂപയുടെ സ്റ്റാമ്പും ഇതിനൊപ്പം കവറും വാങ്ങാൻ അധികൃതർ നിർദ്ദേശിക്കുന്നു. സ്റ്റാമ്പും കവറും വാങ്ങുന്നതിനായി മാസം 5,​000 രൂപയാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന് അനുവദിക്കുന്നത്. ഇതുതന്നെ സമയബന്ധിതമായി ലഭ്യമാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കൊവിഡിന് ശേഷം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലെത്തുന്ന പരാതികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഒരു പ്രസിഡന്റും രണ്ട് മെമ്പർമാരുമുള്ള കമ്മിഷൻ ആഴ്ചയിൽ അ‌ഞ്ച് ദിവസം സിറ്റിംഗ് നടത്തുന്നുണ്ട്. വലിയ കാലതാമസം കൂടാതെയുള്ള നടപടികളും നഷ്ടപരിഹാരം ഉറപ്പാക്കുന്നതിലെ ജാഗ്രതയും ഉപഭോക്തൃ അവകാശങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിച്ചതും മൂലം കമ്മിഷനിൽ എത്തുന്ന പരാതികളുടെ എണ്ണം കൂടിയിട്ടുണ്ട്.

നഷ്ടപരിഹാരം കാത്ത് 90 പരാതികൾ

നിലവിൽ 947 പരാതികളാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ തീർപ്പാക്കാനുള്ളത്. ഈ വർഷം 356 പരാതികളിൽ നഷ്ടപരിഹാരം ഉറപ്പാക്കി. 90 പരാതികളിൽ വിധി നിർണ്ണയം പൂർത്തിയായി എതി‌ർകക്ഷി നൽകേണ്ട നഷ്ട പരിഹാരം കാത്തിരിക്കുകയാണ്. ജനുവരി മുതൽ സെപ്തംബർ വരെ 331 പരാതികളാണ് ലഭിച്ചത്.

മാസം - ലഭിച്ച പരാതികൾ - വിധി വന്നത്

ജനുവരി: 32 - 10

ഫെബ്രുവരി: 36 - 9

മാർച്ച് : 46 - 12

ഏപ്രിൽ: 43 - 11

മേയ്: 44 - 4

ജൂൺ: 51 - 6

ജൂലായ്: 46 - 10

ആഗസ്റ്റ് 33 - 16