vvvv
മുസ്തഫ വീട്ടുമുറ്റത്തെ താജ്മഹലിന് മുന്നിൽ

തിരൂരങ്ങാടി : ആരുടെയും സ്മാരകമായിട്ടല്ലെങ്കിലും മുസ്തഫയും ഉണ്ടാക്കി ഒരു താജ്മഹൽ. ഉള്ളിലെ കലാകാരന്റെ സംതൃപ്തിക്കായി മാത്രം. മൾട്ടിവുഡ് ഷീറ്റ് ഉപയോഗിച്ച് തിരൂരങ്ങാടി ഈസ്റ്റിലെ മനരിക്കൽ മുസ്തഫ വീട്ടുമുറ്റത്ത് നിർമ്മിച്ച 160 സെന്റീമീറ്റർ ഉയരവും 250 സെന്റീമീറ്റർ വീതിയുമുള്ള താജ്മഹൽ കൗതുകക്കാഴ്ചയാവുകയാണ്.

15 വർഷത്തോളം അബുദാബിയിൽ ജോലി ചെയ്ത മുസ്തഫ 20 വർഷത്തോളമായി തിരൂരങ്ങാടിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. ഒഴിവുസമയത്തായിരുന്നു താജ്മഹൽ നിർമ്മാണം. മൂന്നുവർഷമെടുത്തു പൂർത്തിയാക്കാൻ. മൊത്തം 50,000 രൂപയോളം ചെലവായി. സംഗീതസാന്ദ്രമാക്കാൻ സൗണ്ട് ബോക്സും രാത്രി പ്രകാശിപ്പിക്കാൻ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. നാലു കുബ്ബകളും 24 ജാലകങ്ങളുമാണുള്ളത്. ഊരിയെടുക്കാനും വീണ്ടും ഘടിപ്പിക്കാനുമാവും. കലാപരിശീലനമൊന്നും നേടിയിട്ടില്ലെങ്കിലും അതിയായ താത്പര്യമുണ്ട്. മൾട്ടിവുഡ് ഷീറ്റിൽ വീട്, കാളവണ്ടി തുടങ്ങിയവയും നേരത്തെ നിർമ്മിച്ചിരുന്നു. സഖാവിന്റെ പ്രിയസഖി എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.