ffff

മലപ്പുറം: തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഇത്തവണ മൺസൂൺ സീസൺ ജില്ലയിൽ മഴക്കുറവിൽ അവസാനിച്ചേക്കും. ജൂൺ മുതൽ ഇതുവരെ മഴയിൽ 262 മില്ലീമീറ്ററിന്റെ കുറവുണ്ട്. ഇക്കാലയളവിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 1,888.6 മില്ലീമീറ്റർ മഴ പ്രവചിച്ചപ്പോൾ ലഭിച്ചത് 1,625.7 മില്ലീമീറ്റർ മാത്രം. 14 ശതമാനത്തിന്റെ കുറവ്.

മൺസൂൺ തുടങ്ങിയ ശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇക്കാലയളവിൽ 60.2 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ പെയ്തത് 10.6 മില്ലീമീറ്റർ മാത്രം. 82 ശതമാനത്തിന്റെ കുറവ്. ഇതിന് സമാനമായ മഴക്കുറവാണ് സംസ്ഥാനത്തെ മിക്ക ജില്ലകളിലും. ഇതും മൺസൂൺ സീസണിലെ മഴക്കുറവ് വർദ്ധിക്കാൻ കാരണമായി. ഇതുമൂലം സെപ്തംബർ എട്ട് മുതൽ 14 വരെ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയോളം മഴ ലഭിച്ചിട്ടും ഫലമുണ്ടായില്ല. ഇക്കാലയളവിൽ മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇരട്ടി മഴയാണ് ലഭിച്ചത്. പല ജില്ലകളും മഴക്കുറവിലായിരുന്നു. മലപ്പുറത്ത് 61.7 മില്ലീമീറ്റർ പ്രതീക്ഷിച്ചപ്പോൾ 139.8 മില്ലീമീറ്റർ മഴ ലഭിച്ചു. 127 ശതമാനത്തിന്റെ വർദ്ധനവ്. പാലക്കാട് 44.2 മില്ലീമീറ്റർ എന്നത് 130.4 മില്ലീമീറ്ററായി ഉയർന്നു. മഴയിൽ 195 ശതമാനത്തിന്റെ വർദ്ധനവ്.

ചൂട് കൂടുന്നു

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മാപിനികൾ സ്ഥാപിച്ച പൊന്നാനി, നിലമ്പൂർ, മഞ്ചേരി, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, കരിപ്പൂർ എന്നിവിടങ്ങളിൽ ഇന്നലെ മഴ രേഖപ്പെടുത്തിയിട്ടില്ല. അടുത്ത നാല് ദിവസത്തേക്ക് ജില്ലയിൽ മഴ മുന്നറിയിപ്പുകളില്ല. മഴ മാറി നിന്നതോടെ വെയിലിന് കാഠിന്യം കൂടി വരുന്നുണ്ട്. വ്യാഴാഴ്ച കരിപ്പൂരിൽ 31 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.