
പൊന്നാനി: കളരിപ്പയറ്റിന്റെ ആഗോള സാദ്ധ്യതകൾ തേടുകയാണ് റഹീസ് ഗുരിക്കളെന്ന പൊന്നാനിക്കാരൻ. അന്താരാഷ്ട്ര തലത്തിലുള്ള ആയോധനകലകളുടെ ആരാധകരെ കളരിപ്പയറ്റിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം. നാല് വർഷമായി ദുബായിൽ കളരിപ്പയറ്റ് പരിശീലിപ്പിക്കുന്ന റഹീസിന്റെ ശിഷ്യഗണത്തിൽ പാക്കിസ്ഥാൻ, ശ്രീലങ്ക, മൊറോക്കൊ, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്.
ട്വന്റി ട്വന്റി ദുബായ് എക്സ്പോയിൽ കളരിപ്പയറ്റ് അവതരിപ്പിച്ചത് റഹീസിന്റെ നേതൃത്വത്തിലായിരുന്നു. ജൂബിലി സ്റ്റേജ്, ഇന്ത്യൻ പവലിയൻ ഉൾപ്പെടെ എക്സ്പോയിലെ എട്ട് വേദികളിൽ കളരിപ്പയറ്റ് അവതരിപ്പിച്ചു. നേരത്തെ ദുബായ് ഗ്ലോബൽ വില്ലേജിലും ദുബായ് ഫിറ്റ്നസ് ചാലഞ്ചിലും കളരിപ്പയറ്റ് പ്രകടനത്തിന് അവസരം ലഭിച്ചു.
ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്, ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബ്ബ് എന്നിവിടങ്ങളിൽ കളരിപ്പയറ്റിന്റെ പ്രതിരോധ സാദ്ധ്യതകൾ അവതരിപ്പിച്ചു. ഇതിൽ ദുബായ് പൊലീസിന്റെ അഭിനന്ദനവും റഹീസിനെ തേടിയെത്തി.
മിനിസ്ട്രി ഒഫ് യൂത്ത് ആന്റ് സ്പോർട്സിന്റെയും കരാട്ടെ ഫെഡറേഷന്റെയും അംഗീകാരത്തോടെയാണ് ദുബായിൽ റഹീസിന്റെ പരിശീലനം. കളരിപ്പയറ്റിനെ ആഗോള ആയോധന രീതിയാക്കി മാറ്റുകയാണ് ലക്ഷ്യം. പരമ്പരാഗത രീതികൾക്കൊപ്പം ആധുനികതയേയും ചേർത്താണ് പരിശീലിപ്പിക്കുന്നത്. കച്ചയ്ക്കു പകരം പത്ത് നിറത്തിലുള്ള ഗ്രേഡുകളാണ് നൽകുന്നത്. ദുബായ് പൊലീസിനെ കളരിപ്പയറ്റ് പരിശീലിപ്പിക്കുവാനുള്ള അവസരങ്ങൾ തേടുകയാണ് റഹീസ്.
പൊന്നാനി കോട്ടത്തറ സ്വദേശിയും എടപ്പാളിൽ താമസക്കാരനുമായ റഹീസ് വി.കെ.എം കളരിസംഘത്തിൽ പത്മനാഭ ഗുരുക്കൾക്ക് കീഴിലാണ് കളരിപ്പയറ്റ് അഭ്യസിച്ചത്. 18 വർഷത്തോളം ഇവിടെ പരിശീലിച്ചു. തുടർന്ന് മൂന്നാർ പുനർജ്ജനി, തേക്കടി, രാജസ്ഥാൻ, പൂനെ എന്നിവിടങ്ങളിൽ കളരിപ്പയറ്റ് അഭ്യസിപ്പിച്ചു. കളരിപ്പയറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് പോണ്ടിച്ചേരി ഗ്ളോബൽ ഹ്യുമൻ പീസ് യൂണിവേഴ്സിറ്റി റഹീസിന് ഓണററി ഡോക്ടറേറ്റ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
പിതാവ് അലവിയിൽ നിന്നാണ് കളരിപ്പയറ്റ് പഠിക്കാനുള്ള താത്പര്യം ലഭിച്ചത്. പത്മനാഭ ഗുരുക്കളുടെ ജീവിതരീതി കളരിപ്പയറ്റിൽ പിടിച്ചുനിറുത്തി. ലോകത്തെ മുഴുവൻ ആയോധന കലകളുടേയും അടിസ്ഥാനം കളരിപ്പയറ്റാണെന്ന് റഹീസ് പറയുന്നു.