gggg

മലപ്പുറം: നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താലിൽ ജില്ലയിൽ പലയിടങ്ങളിലും അക്രമമുണ്ടായി. വിവിധ പൊലീസ് സ്റ്റേഷനുകളിൽ 15 കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. 128 പേരെ കരുതൽ തടങ്കലിലും വച്ചു. 107 പേർ‌ക്ക് നോട്ടീസും നൽകിയിട്ടുണ്ട്. വാഹനങ്ങൾക്ക് നേരെ കല്ലെറിയൽ, തടയൽ, പൊതുസ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 1,429 പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നത്.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഹർത്താൽ പൂർണ്ണമായിരുന്നു. വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെ ഹർത്താൽ അനുകൂലികൾ തടയുകയും തുറന്ന കടകൾ നിർബന്ധിച്ചിപ്പ് അടപ്പിക്കുകയും ചെയ്തു. വാഹനങ്ങൾ തടയാൻ ശ്രമിച്ച സമരാനുകൂലികളെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കരുതൽ തടങ്കലിലാക്കി. പെരിന്തൽമണ്ണയിലും പൊന്നാനിയിലും സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. നിലമ്പൂർ‌ ഡിപ്പോയിൽ നിന്നുള്ള ബസിനെ ചുങ്കത്തറയിൽ വച്ച് സമരാനുകൂലികൾ തടഞ്ഞു. മലപ്പുറം ഡിപ്പോയിൽ നിന്ന് രാവിലെ രണ്ട് ബസുകൾ സർവീസുകൾ നടത്തിയെങ്കിലും പ്രതിഷേധത്തിന് പിന്നാലെ റദ്ദാക്കി. സുരക്ഷ മുൻനിർത്തി മുഴുവൻ ഡിപ്പോകളിൽ നിന്നുമുള്ല സർവീസുകൾ റദ്ദാക്കേണ്ടി വന്നതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പറഞ്ഞു. സ്വകാര്യബസുകളും ടാക്സികളും നിരത്തൊഴിഞ്ഞതോടെ യാത്രക്കാർ വലഞ്ഞു.

കൂടുതൽ അറസ്റ്റ് കൽപ്പകഞ്ചേരിയിൽ

കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനം തടഞ്ഞതിന് മൂന്ന് കേസുകളിലായി 23 പേരെയാണ് അറസ്റ്റ് ചെയ്തത്. വൈലത്തൂരിൽ എട്ട് പേർ, ക്ലാരി മൂച്ചിക്കൽ ആറുപേർ, രണ്ടത്താണി പോസ്റ്റ് ഓഫീസിന് മുന്നിൽ വച്ച് വാഹനം തടഞ്ഞതിന് ഒമ്പത് പേർ എന്നിങ്ങനെ അറസ്റ്റിലായി. തേഞ്ഞിപ്പലം - രണ്ട്, പെരിന്തൽമണ്ണ - 1, കരുവാരക്കുണ്ട് - 11, തിരൂർ - 4, പൊന്നാനി -3, ചങ്ങരംകുളം - 4, പെരുമ്പടപ്പ് - 1, താനൂർ - 7 എന്നിങ്ങനെയാണ് അറസ്റ്റ്. കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വച്ചത് - 16 പേർ‌. പെരുമ്പടപ്പ് - 13, മലപ്പുറം - 5, വേങ്ങര- 5, മ‌ഞ്ചേരി - 9, കോട്ടയ്ക്കൽ - 9, കൊണ്ടോട്ടി - 9, വാഴക്കാട് - 10, അരീക്കോട് - 2, തേഞ്ഞിപ്പലം - 7, പെരിന്തൽമണ്ണ - 4, പാണ്ടിക്കാട് - 4, മേലാറ്റൂർ -2, കരുവാരക്കുണ്ട് -11, വണ്ടൂർ -2, എടവണ്ണ -2, വഴിക്കടവ് - 2, തിരൂർ -3, പൊന്നാനി -2, ചങ്ങരംകുളം -4, താനൂർ -3, തിരൂരങ്ങാടി - 4 എന്നിങ്ങനെ 128 പേരെയാണ് ജില്ലയിൽ കരുതൽ തടങ്കലിലെടുത്തത്.

അക്രമം ബസിനും യാത്രക്കാർക്കും നേരെ

ഗുരുവായൂരിൽ നിന്ന് സുൽത്താൻബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസിന് നേരെ രാവിലെ 8.40ഓടെ അങ്ങാടിപ്പുറം പോളി ക്വാർട്ടേർസിന് സമീപത്ത് വച്ച് കല്ലെറിഞ്ഞു. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് പോവുകയായിരുന്ന ബസിന് നേരെ 8.50 ഓടെയായിരുന്നു അക്രമം. രണ്ട് യുവാക്കൾ റോഡിലേക്കിറങ്ങി ബസ് തടയുകയും കല്ലെറിയുകയുമായിരുന്നെന്ന് ഡ്രൈവർ അഷ്‌റഫ് പറഞ്ഞു. ആദ്യ കല്ലേറിൽ ചില്ലിൽ വിള്ളലുണ്ടായി. രണ്ടാമത്തേത് ഡ്രൈവറെ ലക്ഷ്യമിട്ടായിരുന്നു. ചില്ല് തകർന്ന് കല്ല് ഡ്രൈവറുടെ കണ്ണിന് അടുത്തായി കൊണ്ടു. മൂന്നാമത്തെ ഏറിൽ മുന്നിലെ സീറ്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാരന്റെ താടിയിലും കല്ല് പതിച്ചു. ഇരുവർക്കും പരിക്കുണ്ട്. കല്ലേറിന് ശേഷം രണ്ട് ബൈക്കുകളിലായി അക്രമികൾ പെരിന്തൽമണ്ണ ഭാഗത്തേക്ക് പോയതായും നമ്പർ ശ്രദ്ധയിൽപ്പെടാതിരിക്കാനായി കൈ കൊണ്ട് മറച്ച് പിടിച്ചിരുന്നതായും യാത്രക്കാർ പറയുന്നു. പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. ബസ് ഡിപ്പോയിലേക്ക് മാറ്റി. സി.സി ടിവികൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

പൊന്നാനിയിലും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് സമരാനുകൂലികൾ കല്ലെറിഞ്ഞത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ആനപ്പടിയിൽ രാവിലെ 8.50 ഓടെയാണ് ബൈക്കിലെത്തിയവ‌ർ കല്ലെറിഞ്ഞത്. പൊന്നാനി പുതുപറമ്പിൽ വീട്ടിൽ മുബഷീർ, ജീലാനി നഗർ സ്വദേശി മൂഹമ്മദ് ഷരീഫ്, അനപ്പടി സ്വദേശി റാസിക് എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.ആർ.ടി.സിക്ക് നേരെ കല്ലെറിഞ്ഞ പ്രതികൾ സമീപത്തെ ടാങ്കർ ലോറിക്ക് നേരെയും കല്ലെറിയാൻ ശ്രമം നടത്തി. ഈ ടാങ്കർ ലോറിയിലെ ഡ്രൈവർ പകർത്തിയ ഫോട്ടോയാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. ഉൾപ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ട ഇവരെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം നഗരത്തിൽ മുഴുവൻ കടകളും അടച്ചിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിരുന്നു. അക്രമസംഭവങ്ങളൊന്നും റിപ്പോ‌ർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കളക്ടറേറ്റിൽ ഹാജർ‌ നില കുറവായിരുന്നു. മഞ്ചേരിയിലും അക്രമ സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. നഗരത്തിലെ കടകളും മാർക്കറ്റും രാവിലെ മുതൽ തുറന്നിരുന്നില്ല. മ‌ഞ്ചേരി നഗരസഭ പരിധിയിലും പരിസര പ്രദേശങ്ങളിലും ഹർത്താൽ പൂർണ്ണമായിരുന്നു. മെഡിക്കൽ കോളേജ് ഒ.പിയിലും എണ്ണപ്പെട്ട രോഗികളാണ് എത്തിയത്.

മലയോര മേഖലയിൽ ഹർത്താൽ പൊതുവേ സമാധാനപരമായിരുന്നു. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പൊതുഗതാഗതവും നിലച്ചു. മെഡിക്കൽ സ്റ്റോറുകളൊഴിച്ചുള്ള കടകളെല്ലാം നഗരഭാഗങ്ങളിൽ അടഞ്ഞുകിടക്കുകയായിരുന്നു. ഗ്രാമീണ മേഖലകളിൽ ചില കടകൾ തുറന്നു പ്രവർത്തിച്ചു. നിലമ്പൂരിൽ മത്സ്യമാംസ മാർക്കറ്റും പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിരുന്നത്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. നിലമ്പൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും രാവിലെ ചില സർവീസുകൾ നടത്തിയിരുന്നു. ഇവയിൽ ദീർഘദൂര സർവീസുകൾ പലതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തടയപ്പെട്ടതിനാൽ സർവീസ് പൂർത്തീകരിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായി 18 സർവീസുകൾ നിലമ്പൂർ ഡിപ്പോയിൽ നിന്ന് നടത്തിയതായി അധികൃതർ പറഞ്ഞു. 11 മണിക്ക് ശേഷം സർവീസുകൾ പൂർണ്ണമായും നിലച്ചു. രാവിലെ പത്തോടെ ഹർത്താൽ അനുകൂലികളുടെ നേതൃത്വത്തിൽ നിലമ്പൂരിൽ പ്രകടനവും നടത്തി.
തിരൂരങ്ങാടിയിലും ചെമ്മാടും മുഴുവൻ കടകളും അടച്ചിരുന്നു. തുറന്ന ഏതാനം കടകൾ പ്രവർത്തകർ അടപ്പിച്ചു. ഉൾഗ്രാമങ്ങളിലും കടകൾ തുറന്നിരുന്നില്ല. മിൽമ ബൂത്തുകളടക്കം പൂട്ടിച്ചു. ഓരോ പ്രധാന കേന്ദ്രങ്ങളിലും പൊലീസ് ക്യാമ്പ് ചെയ്തിരുന്നു. പെട്രോൾ പമ്പുകളും അടപ്പിച്ചു. ഒറ്റപ്പെട്ട ഇരുചക്ര വാഹനങ്ങൾ മാത്രമാണ് നിരത്തിലുണ്ടായിരുന്നത്.
വണ്ടൂർ മേഖലയിൽ ഹർത്താൽ പൂർണ്ണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. വണ്ടൂർ നഗരത്തിൽ രാവിലെ ചുരുക്കം ചില കടകൾ മാത്രമാണ് തുറന്നത്. ഇവ സമരക്കാർ ആവശ്യപ്പെട്ടതോടെ അടച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഹാജർ നില കുറവായിരുന്നു. ഇടിമുഴിക്കലിൽ ബൈക്കിലെത്തിയ രണ്ടുപേ‌ർ ലോറിയുടെ മുൻഗ്ലാസുകൾ അടിച്ചുത‌ക‌‌ർത്തു.

വെട്ടം പരിയാപുരത്ത് വച്ച് കുറ്റിപ്പുറം സ്വദേശിയുടെ കാറിന്റെ ചില്ല് തകർത്ത കേസിൽ പരിയാപുരം ചെമ്പത്തൊടിയിൽ അൻസാറിനെ (45) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ നഗരത്തിൽ രാവിലെ പത്തിന് നൂറോളം വരുന്ന ഹർ‌ത്താൽ അനുകൂലികൾ പ്രകടനം നടത്തി. പൂങ്ങോട്ടുകുളത്ത് നിന്ന് തുടങ്ങി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. ഏതാനം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും സമരക്കാ‌ർ തടഞ്ഞു. രാവിലെ മുതൽ തന്നെ കടകൾ അടച്ചു. ചിക്കൻ, ബീഫ് സ്റ്റാളുകൾ രാവിലെ കുറച്ചുനേരത്തേക്ക് തുറന്നു. പ്രകടനത്തിന് മുമ്പേ കടകൾ അടച്ചു. എടപ്പാളിൽ ഹർത്താൽ പൂർണ്ണമായിരുന്നു. ഹർത്താൽ അനുകൂലികൾ നഗരത്തിൽ പ്രകടനം നടത്തി. വാഹനം തടയാൻ ശ്രമിച്ചതിനെത്തുടർന്ന് നാല് പേരെ ചങ്ങരംകുളം പൊലീസ് കരുതൽ തടങ്കലിലെടുത്തു. കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.