f

നിലമ്പൂർ: അതിരാവിലെ നിലമ്പൂരിൽ നിന്നും ഷൊർണ്ണൂരിലേക്ക് ട്രെയിൻ സർവ്വീസ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. നിലവിൽ 11.10 ന് നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന 06470 അൺറിസർവ്ഡ് സർവ്വീസാണ് ഒക്ടോബർ ഒന്നുമുതൽ രാവിലെ 5.30ലേക്ക് പുനക്രമീകരിച്ച് റെയിൽവേ ഉത്തരവിറക്കിയത്. ദീർഘദൂര യാത്രക്കാരായ നിരവധി പേർക്ക് തീരുമാനം ഗുണകരമാവും.
തിരുവനന്തപുരം, എറണാകുളം, മംഗലാപുരം, കോയമ്പത്തൂർ തുടങ്ങി വിവിധയിടങ്ങളിലേക്ക് പോകേണ്ട ജോലിക്കാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം പുതിയ സമയക്രമം ഗുണം ചെയ്യും. രാവിലെ 7.10ന് ഷൊർണ്ണൂരിലെത്താൻ സൗകര്യപ്പെടുന്നതോടെ ഷൊർണ്ണൂരിൽ നിന്നും 7.30നുള്ള തൃശ്ശൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ്, 7.35നുള്ള കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, 7.50ന്റെ കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ്, 8.20നുള്ള ഷൊർണ്ണൂർ- കോയമ്പത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ വിവിധയിടങ്ങളിലേക്ക് യാത്രക്കുള്ള സൗകര്യവും ലഭിക്കും. കൊച്ചുവേളിയിൽ നിന്നും നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് നിലമ്പൂരിലെത്തുന്ന സമയവും റെയിൽവേ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയക്രമപ്രകാരം രാവിലെ 5.45ന് നിലമ്പൂരിലെത്തുന്നതിനു പകരം രാജ്യറാണി ഒക്ടോബർ ഒന്നു മുതൽ 6.05 നാണ് നിലമ്പൂർ സ്റ്റേഷനിലെത്തുക.

പി.വി. അബ്ദുൾ വഹാബ് എം.പിയും നിലമ്പൂർ മൈസൂർ റെയിൽവേ ആക്‌ഷൻ കൗൺസിലും നിരവധി സംഘടനകളും നിരന്തരമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് ഒടുവിൽ യാഥാർത്ഥ്യമാകുന്നത്. റെയിൽവേ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് എം.പി കത്തയക്കുകയും നേരിട്ട് കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.