gold

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സൈക്കിൾ ഭാഗങ്ങളുടെ മറവിൽ കടത്തിയ 52.78 ലക്ഷം രൂപയുടെ 1,037 ഗ്രാം സ്വർണ്ണവുമായി കോഴിക്കോട് എടക്കുളം ചെങ്കോട്ടുകാവ് സ്വദേശി കഴക്കൽ അബ്ദുൾ ഷെരീഫിനെ (25)​ എയർകസ്റ്റംസ് വിഭാഗം പിടികൂടി. അൽ ഐനിൽ നിന്നെത്തിയ ഇയാൾ സൈക്കിളിന്റെ ഭാഗങ്ങൾ വെവ്വേറെയായി വലിയ പെട്ടിയിലാണ് കൊണ്ടുവന്നത്.

സീറ്റിന്റെ ഉയരം കൂട്ടാൻ ഉപയോഗിക്കുന്ന ലോഹരൂപത്തിൽ അതിവിദഗ്ദ്ധമായാണ് സ്വർണ്ണം ഒളിപ്പിച്ചത്. ലോഹഭാഗത്തിന് ഭാരക്കൂടുതൽ തോന്നിയെങ്കിലും ആദ്യഘട്ട പരിശോധനയിൽ ഒന്നും കണ്ടെത്തി​യി​ല്ല. സ്വർണ്ണപ്പണിക്കാരന്റെ അടുത്ത് കൊണ്ടുപോയി മുറിച്ചു പരിശോധിച്ചപ്പോഴും മെറ്റലിന്റെയും സിൽവറിന്റെയും നി​റമായി​രുന്നു. ഇങ്ങനെ മുറി​ക്കുമ്പോൾ സ്വർണ്ണം ഉള്ളി​ലുണ്ടെങ്കി​ൽ കാണാമായി​രുന്നു. തുടർന്ന് ലോഹഭാഗം ഉരുക്കിയപ്പോഴാണ് സ്വർണ്ണം വേർതിരിച്ചെടുത്തത്. 81 ശതമാനം സ്വർണ്ണത്തോടൊപ്പം സി​ങ്ക്, നി​ക്കൽ, സി​ൽവർ എന്നി​വയുമുണ്ടായി​രുന്നു. എട്ടുമണിക്കൂർ എടുത്താണ് സ്വർണം വേർതിരിച്ചത്. മറ്റു ലോഹങ്ങൾക്കൊപ്പം സ്വർണ്ണം കൂട്ടിച്ചേർത്ത് കടത്തുന്നത് ആദ്യമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.