
നിലമ്പൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജന്മനാട്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. നിലമ്പൂരിന്റെ സ്വന്തം കുഞ്ഞാക്ക ഇനി മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളും.
നാടിന്റെ പ്രിയനായകന് അന്ത്യോപചാരമർപ്പിക്കാൻ പുലർച്ചെ മുതൽ ആയിരങ്ങൾ നിലമ്പൂരിലെ ആര്യാടൻ ഹൗസിലേക്കൊഴുകി. ഞായറാഴ്ച വൈകിട്ട് ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം രാത്രി ഏഴരയോടെ വീണ്ടും വീട്ടിലെത്തിച്ചിരുന്നു. പ്രിയ നേതാവിനെ അവസാനമായി കാണാൻ രാത്രി ഏറെ വൈകിയും ആളുകളുടെ നീണ്ട നിരയുണ്ടായിരുന്നു. രാവിലെ എട്ടരയോടെ ബന്ധുക്കൾക്കെല്ലാം അവസാനമായി ഒരിക്കൽ കൂടി കാണാനുള്ള അവസരം നൽകി.
വികാരനിർഭരമായ അന്തരീക്ഷത്തിലായിരുന്നു കുടുംബത്തിലെ കാരണവർക്കുള്ള അവസാന യാത്രഅയപ്പ്. വീട്ടുമുറ്റത്ത് മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, വി. അബ്ദുറഹ്മാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഔദ്യോഗിക ബഹുമതികൾ നൽകി. എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി , പ്രമുഖ കോൺഗ്രസ് നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ കാൽനടയായി മുക്കട്ട ജുമാ മസ്ജിദിലേക്ക് വിലാപയാത്രയും മസ്ജിദിൽ കബറക്ക പ്രാർത്ഥനകളും നടന്നു. പി.വി. അബ്ദുൾ വഹാബ് എം.പി, പി.കെ. ബഷീർ എം.എൽ.എ എന്നിവരും സന്നിഹിതരായിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40ഓടെയായിരുന്നു നാലു തവണ മന്ത്രിയും എട്ടു തവണയായി 34 വർഷം നിലമ്പൂരിന്റെ എം.എൽ.എയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ അന്ത്യം.
ക്യാപ്ഷൻ: മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഖബറക്കാൻ മുക്കട്ട വലിയ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പായി കുടുംബാംഗങ്ങൾക്ക് അവസാനമായി കാണാൻ അവസരമൊരുക്കിയപ്പോൾ