nh

മലപ്പുറം: ഭാരത് മാല പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് പാതക്കായി ജില്ലയിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടലിന്റെ രണ്ടാംഘട്ടം ഇന്ന് അരീക്കോട് വില്ലേജിൽ ആരംഭിക്കുമെന്ന് ദേശീയ പാത ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ.അരുൺ പറഞ്ഞു. പാലക്കാട് -മലപ്പുറം ജില്ലാ അതിർത്തിയായ എടപ്പറ്റ വില്ലേജിലാണ് ഗ്രീൻഫീൽഡ് പാതയുടെ ജില്ലയിലെ ആദ്യഘട്ട അതിർത്തിക്കല്ലിടൽ ആരംഭിച്ചത്. ഇവിടെ ഗ്രീൻഫീൽഡ് പാതയുടെ കല്ലിടൽ പൂർത്തിയായതോടെയാണ് അരീക്കോട് വില്ലേജിൽ കല്ലിടൽ ആരംഭിക്കുന്നത്. അരീക്കോട് കാവനൂർ വില്ലേജുകളുമായി അതിർത്തി പങ്കിടുന്ന കിളിക്കല്ലിങ്ങലിൽ രാവിലെ 9.30നാണ് അതിർത്തി കല്ലിടൽ ആരംഭിക്കുക. ഇവിടെ 4.25 കി.മീ ദൂരത്തിലാണ് പുതിയപാത കടന്നുപോകുക. അരീക്കോട് വില്ലേജിൽ ഗ്രീൻഫീൽഡ് ദേശീയപാത രണ്ടു സംസ്ഥാന പാതകൾക്ക് കുറുകെയും കടന്നുപോകും. മഞ്ചേരി അരീക്കോട്, കൊണ്ടോട്ടി അരീക്കോട് സംസ്ഥാനപാതകളെയാണ് പുതിയ ദേശീയപാത കുറുകെ കടന്നുപോകുക. കിളിക്കല്ലിങ്ങലിൽ നിന്നും തുടങ്ങുന്ന അതിർത്തിക്കല്ലിടൽ തുടർന്ന് കരിപ്പറമ്പയിലൂടെ മുത്തുവല്ലൂർ വില്ലേജിലേക്ക് കടക്കും. അതിർത്തി കല്ലിടൽ പൂർത്തിയാകുന്നതോടെ മാത്രമേ പുതിയ പാതയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ച് കൃത്യമായ വ്യക്തത ലഭിക്കൂ.

ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി 45 മീറ്റർ വീതിയിൽ ഓരോ 50 മീറ്ററിലുമാണ് അതിരുകളിൽ കല്ലുകൾ സ്ഥാപിക്കുന്നത്. അരീക്കോട് വില്ലേജിൽ അലൈന്മെന്റ് അടിസ്ഥാനപെടുത്തി 166 അതിർത്തി കല്ലുകകളാണ് സ്ഥാപിക്കുക. ഗ്രീൻഫീൽഡ് ദേശീയപാതയുടെ അതിർത്തി കല്ലിടാനും സർവെയ്ക്കുമായി വരുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ അതത് ഭൂവുടമസ്ഥർ ആധാരം, നികുതിചീട്ട് എന്നിവ സഹിതം സന്നിഹിതരാകണം. ഗ്രീൻഫീൽഡ് പാതയ്ക്കുള്ളിലെ ഭൂമി കല്ലുകൾകൊണ്ട് സ്ഥലം ഉടമസ്ഥർ തന്നെ വേർതിരിക്കണം. ഇക്കഴിഞ്ഞ 26ന് അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ പി.കെ. ബഷീർ എം.എൽ.എ യുടെ നേതൃത്വത്തിൽ ഗ്രീൻഫീൽഡ് പാത കടന്നുപോകുന്ന അരീക്കോട്, പെരകമണ്ണ, കാവനൂർ വില്ലേജിലെ ജനപ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും യോഗം ചേർന്നിരുന്നു. പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ, നഷ്ടപരിഹാരം നൽകൽ എന്നിവ സംബന്ധിച്ച് യോഗത്തിലുയർന്ന സംശയങ്ങൾ ഡെപ്യൂട്ടി കളക്ടർ ദൂരികരിച്ചിരുന്നു.