
മഞ്ചേരി: ടൗണിൽ വിൽപ്പനയ്ക്കെത്തിച്ച 70 ഗ്രാം എം.ഡി.എം.എയും 60 ഗ്രാം കഞ്ചാവുമായി മഞ്ചേരി മംഗലശ്ശേരി സ്വദേശി വട്ടപ്പറമ്പിൽ റഫീക്ക് (35), മലപ്പുറം വള്ളിക്കാപറ്റ വടക്കുപുറത്ത് മുഹമ്മദ് അഷ്‌റഫ് (33) എന്നിവർ അറസ്റ്റിൽ. രഹസ്യനിരീക്ഷണത്തിനൊടുവിൽ മഞ്ചേരിയിലെ ലോഡ്ജ് മുറിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ മൊത്തവിലയ്‌ക്ക് വാങ്ങി മഞ്ചേരിയിലും പരിസരങ്ങളിലും വിദ്യാർത്ഥികൾക്കുൾപ്പെടെ വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായത്. പ്രതികളുടെ മുറിയിൽ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ചില്ലറ കച്ചവടത്തിനുള്ള പാക്കിംഗ് മെറ്റീരിയലുകളും കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുടെ ബാംഗ്ലൂർ യാത്രകളും മയക്കുമരുന്ന് ലഭിക്കുന്ന ഉറവിടവും അന്വേഷണവിധേയമാവും. കഴിഞ്ഞ മാസം പ്രതികളിലൊരാളായ റഫീഖ് മൈസൂരുവിൽ നിന്നും ടാക്സി വിളിച്ച് മഞ്ചേരിയിലെത്തി കാർവാടക നൽകാതെ ഡ്രൈവറെ കബളിപ്പിച്ചു മുങ്ങിയതായി മഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു.
മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. ഷാഹുൽ, വി. ജീഷ്മ, ടി. മുഹമ്മദ് ബഷീർ, പൊലീസ് ഉദ്യോഗസ്ഥരായ എൻ.എം. അബ്ദുള്ള ബാബു, പി. ഹരിലാൽ, ഇ. രജീഷ്, സി. സവാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കി.