arrest
അറസ്റ്റിൽ

മണ്ണാർക്കാട്: കല്ല്യാണക്കാപ്പിലെ പൂട്ടിക്കിടന്ന വീട്ടിൽ നിന്നും പതിനേഴര പവൻ മോഷ്ടിച്ചതുൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ രണ്ടുപേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 16നാണ് കല്ല്യാണക്കാപ്പിലെ വീട്ടിൽ നിന്നും പൂട്ട് പൊളിച്ച് പതിനേഴര പവൻ സ്വർണവും 85000 രൂപയും അപഹരിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ കാളൻതോടൻ വീട്ടിൽ അബ്ദുൽകരീം (39), പുളിയമഠത്തിൽ വീട്ടിൽ അബ്ദുൾ ലത്തീഫ് (30) എന്നിവരെ മേലാറ്റൂരിൽ വച്ച് പിടികൂടിയത്.

മണ്ണാർക്കാട്, നാട്ടുകൽ, ശ്രീകൃഷ്ണപുരം മേഖലകളിൽ മോഷണങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ശ്രീകൃഷ്ണപുരം സ്റ്റേഷൻ പരിധിയിൽ 12 പവനും 20000 രൂപയും മോഷ്ടിച്ച രണ്ട് കേസുകളിലും നാട്ടുകൽ സ്റ്റേഷൻ പരിധിയിൽ ഏഴര പവൻ മോഷ്ടിച്ചതുൾപ്പെടെ അഞ്ചോളം മോഷണങ്ങളും നടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പൊലീസുകാരായ സാജിദ്, ഷഫീഖ്, ഷാഫി, ദാമോദരൻ, ബിജു, സുനിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.