പാലക്കാട്: നഗരത്തിൽ ഓണത്തിരക്ക് ആരംഭിച്ചതോടെ ഗതാഗതം നിയന്ത്രിക്കാനുള്ള നെട്ടോടത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ. തിരുവോണം അടുക്കുന്നതോടെ നഗരം കൂടുതൽ ഗതാഗതക്കുരുക്കിൽപ്പെടാനാണ് സാധ്യത. ഒരാഴ്ച മുൻപ് തന്നെ ഗതാഗതവും വ്യാപാരവും സുഗമമാക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചിരുന്നു. വരും ദിവസങ്ങളിൽ ജില്ലാ ആസ്ഥാനത്തും പ്രധാന റോഡുകളിലും കൂടുതൽ പൊലീസിനെ നിയോഗിക്കും.
ഓണം അടുക്കുന്നതോടെ നഗരം കുരുങ്ങാതിരിക്കാൻ പോക്കറ്റ് റോഡുകൾ വന്നു ചേരുന്നിടത്തും പൊലീസ് സാന്നിധ്യം ഉറപ്പാക്കും. ഗതാഗത തടസം സൃഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. വലിയങ്ങാടിയിലും മാർക്കറ്റ് റോഡിലും ഏർപ്പെടുത്തിയ വാഹന ക്രമീകരണം പൂർണമായും നടപ്പാക്കി തുടങ്ങി. വലിയങ്ങാടിയിലേക്കു പ്രവേശിക്കുന്ന മേലാമുറിയിലും ശകുന്തള ജംഗ്ഷനിലും പൊലീസ് സജ്ജമായിട്ടുണ്ട്.
ഗതാഗത ക്രമീകരണം ഇങ്ങനെ
മേലാമുറി പച്ചക്കറി മാർക്കറ്റിൽ, മേലാമുറി ഭാഗത്തു നിന്നു വരുന്ന ഉന്തുവണ്ടി ഒഴികെയുള്ള വാഹനങ്ങൾ നേരിട്ട് മാർക്കറ്റിൽ പ്രവേശിക്കാതെ ചിന്മയ നഗർ വഴിയോ, പെരിയ മാരിയമ്മൻ കോവിൽ വഴിയോ പോകണം.
മേലാമുറി മാർക്കറ്റിന്റെ പ്രവേശന ഭാഗത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡ് മേപ്പറമ്പിലേക്കുള്ള റോഡിന്റെ വലതുവശത്തേക്കു മാറ്റണമെന്നാണു നിർദേശം. ഒരേ സമയം മൂന്ന് ഓട്ടോകൾ നിറുത്തിയിടാനാണ് അനുമതി.
പച്ചക്കറി ഇറക്കുന്ന വാഹനങ്ങൾ രാവിലെ 6നു മുൻപ് ലോഡ് ഇറക്കി തിരിച്ചുപോകണം.
ലോഡ് കയറ്റിയിറക്കുന്ന സമയത്തു മാത്രമേ പെട്ടി ഓട്ടോറിക്ഷപോലുള്ള ചരക്കു വാഹനങ്ങൾ കടകളുടെ മുൻവശം നിറുത്തിയിടാൻ അനുവദിക്കൂ.
മീൻ മാർക്കറ്റിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ റോഡിന്റെ വടക്കുഭാഗത്തു മാത്രം നിറുത്തിയിടണം. രാവിലെ 7നു മുൻപ് ലോഡിറക്കി തിരിച്ചുപോകണം. ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തിൽ റോഡിൽ മീൻപെട്ടികൾ ഇറക്കിവയ്ക്കരുത്.
പലചരക്ക്, തുണിത്തരങ്ങൾ, ആവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വലിയ വാഹനങ്ങൾ രാത്രി 8.30നു രാവിലെ 9.30നും ഇടയ്ക്കു ലോഡിറക്കി പോകണം.
മേലാമുറിയിൽ നിന്നു കണ്ണകി ജംഗ്ഷനിലേക്കു വരുന്ന വാഹനങ്ങൾ ഗോൾഡൻ പാലസ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു കൊട്ടിൽ സ്ട്രീറ്റ് വഴി കണ്ണകി ജംഗ്ഷനിലെത്തി തിരിഞ്ഞുപോകണം.
നിലവിൽ മഞ്ഞക്കുളം റോഡ് വഴി വരുന്ന വലിയ വാഹനങ്ങൾ ശകുന്തള ജംഗ്ഷൻ വഴി മാർക്കറ്റ് റോഡിൽ പ്രവേശിച്ച് ലോഡിറക്കി പോകണം.
നൂറണി ഭാഗത്തു നിന്നു ഗോൾഡൻ പാലസ് ജംഗ്ഷനിലേക്കു വരുന്ന വാഹനങ്ങൾ ബിഗ് ബസാർ സ്കൂളിനു മുന്നിൽ നിന്നു വലത്തേക്കു തിരിഞ്ഞ് കണ്ണകിയമ്മൻ ജംഗ്ഷനിലെത്തി തിരിഞ്ഞുപോകണം.
കണ്ണകിയമ്മൻ ജംഗ്ഷൻ മുതൽ ബി.ഒ.സി റോഡ് വരെ വാഹനങ്ങൾ റോഡിന്റെ വടക്കു ഭാഗത്തു മാത്രം നിറുത്തിയിടണം.
ശകുന്തള ജംഗ്ഷൻ മുതൽ പഴയ സെൻട്രൽ തിയറ്റർ വരെയുള്ള മാർക്കറ്റ് റോഡ് ഭാഗം വൺവേയാക്കി കിഴക്കു ഭാഗത്തു നിന്നും (ശകുന്തള ജംഗ്ഷൻ) പടിഞ്ഞാറു ഭാഗത്തേക്ക് (സെൻട്രൽ തിയറ്റർ) മാത്രമായി ഗതാഗതം നടത്തണം.