
വടക്കഞ്ചേരി: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും ഉടൻ ടോൾ പിരിവ് നടത്തേണ്ടെന്ന് തീരുമാനിച്ചു. വെള്ളിയാഴ്ച വൈകീട്ട് പി.പി സുമോദ് എം.എൽ.എ കരാർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. സെപ്തംബർ ഒന്നിന് പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ കരാർ കമ്പനി തീരുമാനിച്ചിരുന്നെങ്കിലും എം.എൽ. എ ഇടപെട്ടതിനെ തുടർന്ന് നിറുത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച യോഗം വിളിച്ചത്. ഒരു മാസത്തിനുള്ളിൽ ജില്ലാ ഭരണകൂടവും ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനി അധികൃതരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ തുടർ തീരുമാനമുണ്ടാവുകയുള്ളൂ എന്ന് എം.എൽ.എ അറിയിച്ചു. പ്രദേശവാസികൾക്ക് ടോൾ ഏർപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 9ന് ടോൾ പിരിവ് ആരംഭിച്ച സമയത്ത് എം.എൽ.എ ഇടപെട്ടാണ് പ്രദേശവാസികൾക്ക് തിരിച്ചറിയൽ രേഖ കാണിച്ച് സൗജന്യ യാത്ര അനുവദിച്ചത്.