quary

ചെർപ്പുളശ്ശേരി: നെല്ലായ പൊട്ടച്ചിറ പൊൻമുഖം മലയിലെ കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ മഴയിൽ മലയിൽ നിന്നും മണ്ണും കല്ലും കുത്തിയൊലിച്ചെത്തിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ശക്തമായി പെയ്ത മഴയിൽ വെള്ളപ്പാച്ചിലുണ്ടാവുകയും മണ്ണും കല്ലുകളുമെല്ലാം കുത്തിയൊലിച്ച് താഴേക്കെത്തുകയുമായിരുന്നു. അടിവാരത്തെ പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡിലേക്കുവരെ മണ്ണും കല്ലും ഒലിച്ചെത്തിയതോടെ അൽപ്പനേരം ഗതാഗതവും തടസപ്പെട്ടു. സമീപത്തെ വീടുകളുടെ മുറ്റത്തേക്കും മണ്ണും വെള്ളവും ഒലിച്ചെത്തി. പരിഭ്രാന്തരായ ആളുകൾ സ്ഥലത്ത് തടിച്ചു കൂടുകയും ചെയ്തു. ചെർപ്പുളശ്ശേരിൽ നിന്നും പൊലീസും സ്ഥലത്തെത്തിയിരുന്നു. ക്വാറിയിലേക്ക് പണിത വഴിയിലൂടെയാണ് ശക്തമായ മലവെള്ള പാച്ചിലുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച പി. മമ്മിക്കുട്ടി എം.എൽ.എ സ്ഥലം സന്ദർശിച്ചു.

ആശങ്കയൊഴിയാതെ

മഴ തുടരുന്ന സാഹചര്യത്തിൽ ഏറെ ആശങ്കയിലാണ് മലയടിവാരത്തെ ജനങ്ങൾ കഴിയുന്നത്. മലയിൽ ക്വാറിക്ക് നൽകിയ പ്രവർത്തനാനുമതി റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിവാരത്ത് താമസിക്കുന്ന നെല്ലായ, വല്ലപ്പുഴ പഞ്ചായത്തുകളിലുള്ളവരാണ് ക്വാറിക്കെതിരെ പ്രക്ഷോഭരംഗത്തുള്ളത്.

റോഡിലേക്ക് മണ്ണും കല്ലും ഒലിച്ചെത്താതിരിക്കാൻ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ക്വാറി വിഷയത്തിൽ നിയമപരമായ ഇടപെടൽ നടത്തി വരുന്നുണ്ട്.

- പി. മമ്മിക്കുട്ടി എം.എൽ.എ