
പാലക്കാട്: ഔഷധിയടക്കുമുള്ള വിവിധ സ്ഥാപനങ്ങൾക്ക് പച്ചമരുന്ന് നിർമ്മാണത്തിന് ആവശ്യമായ സസ്യങ്ങൾക്കായി കാടുപിടിച്ചു കിടക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകളിൽ ഔഷധത്തോട്ടം ഒരുക്കാൻ തയ്യാറെടുക്കുകയാണ് കൃഷിവകുപ്പ്.
വിവിധ ജില്ലകളിലായി സംസ്ഥാനത്താകെ 10 ഹെക്ടറിലാകും ഔഷധത്തോട്ടം നിർമ്മിക്കുക. ആയുർവേദ (ആയുഷ്) സ്ഥാപനങ്ങൾക്കാവശ്യമായ ആശോകം, കറുവപ്പട്ട തുടങ്ങിയവയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിയാണ് ലക്ഷ്യമിടുന്നത്. കേരള മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ സാങ്കേതിക സഹായവും സർക്കാർ സ്ഥാപനമായ ഔഷധിയുടെ മേൽനോട്ടവും പദ്ധതിക്കുണ്ടാകും. വിത്ത്, വളം, മറ്റ് സാങ്കേതിക സൗകര്യങ്ങൾ എന്നിവ കൃഷിവകുപ്പ് ലഭ്യമാക്കും. ഭൗതിക സാഹചര്യങ്ങൾ, ജലലഭ്യത എന്നിവ ഉറപ്പുവരുത്തിയാവും കൃഷി. ഔഷധ തോട്ടങ്ങളുടെ പരിപാലനത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് സ്ഥാപന മേധാവികളുമായി കരാറുണ്ടാക്കും. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ), കേരള കാർഷിക സർവകലാശാല എന്നിവവഴി തയ്യാറാക്കുന്ന ഗുണനിലവാരമുള്ള ഔഷധ തൈകളാണ് തോട്ടങ്ങളിൽ നടുക. ഹെക്ടറിന് 50,000 രൂപനിരക്കിൽ തോട്ടങ്ങൾ തയ്യാറാക്കുന്നതിന് കൃഷിവകുപ്പ് സഹായം നൽകും.
കൊല്ലം, കാസർകോട് ജില്ലകളിൽ മൂന്ന് ഹെക്ടറിൽ ഔഷധത്തോട്ടം ഒരുക്കും. പാലക്കാട് അടക്കമുള്ള മറ്റ് ജില്ലകളിൽ വിവിധ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഒരു ഹെക്ടർ സ്ഥലം വീതവും ഔഷധകൃഷിക്കായി ആദ്യഘട്ടത്തിൽ ഏറ്റെടുക്കും. പദ്ധതിയുടെ വിജയസാദ്ധ്യത പരിശോധിച്ച് വരും വർഷങ്ങളിൽ കൃഷി കൂടുതൽ സ്ഥലത്ത് വ്യാപിപ്പിക്കും. വെറുതെകിടക്കുന്ന സ്ഥലമുള്ള സ്ഥാപനങ്ങളെ കണ്ടെത്തുക, മണ്ണിനിണങ്ങിയ ഔഷധച്ചെടികൾ നിശ്ചയിക്കുക, വിളവെടുപ്പ്, വിപണനം എന്നിവയ്ക്കും കൃഷി ഓഫീസർമാർ നേതൃത്വം നൽകും. ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 60 ഹെക്ടറിൽ നടപ്പാക്കുന്ന ക്ലസ്റ്റർ ഔഷധത്തോട്ടങ്ങൾക്ക് പുറമെയാണ് സർക്കാർ സ്ഥാപന വളപ്പിലേക്ക് കൃഷി വ്യാപിപ്പിക്കുന്നത്.
പദ്ധതിയിൽ
വിവിധ ജില്ലകളിലായി 10 ഹെക്ടറിൽ ഔഷധത്തോട്ടം
ആശോകം, കറുവപ്പട്ട തുടങ്ങിയവയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി
കേരള മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ സാങ്കേതിക സഹായവും സർക്കാർ സ്ഥാപനമായ ഔഷധിയുടെ മേൽനോട്ടവും ലഭിക്കും
വിത്ത്, വളം, മറ്റ് സാങ്കേതിക സൗകര്യങ്ങൾ കൃഷിവകുപ്പ് ലഭ്യമാക്കും
ഹെക്ടറിന് 50,000 രൂപ നിരക്കിൽ തോട്ടങ്ങൾ തയ്യാറാക്കുന്നതിന് കൃഷിവകുപ്പ് സഹായം
വിജയസാദ്ധ്യത പരിശോധിച്ച് വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ കൃഷി