onam-thallu
പല്ലശ്ശന തല്ലുമന്ദത്ത് വിവിധ സമുദായത്തിന്റെ ഓണത്തല്ല്

കൊല്ലങ്കോട്: കൊവിഡ് വ്യാപനത്താൽ കഴിഞ്ഞ രണ്ടു വർഷം ചടങ്ങു മാത്രമായി നടത്തിയ ഓണത്തല്ലിൽ ഇത്തവണ പല്ലശ്ശനക്കാർ നിറഞ്ഞാടി. സ്മരണകളുണർത്തുന്ന വിധം ആർപ്പുവിളികളോടെ എത്തുന്ന സംഘം ദേശ കാരണവൻമാർ എല്ലാവരും എത്തിയെന്ന് ഉറപ്പു വരുത്താൻ വിളിച്ചു ചൊല്ലിയ ശേഷം സമപ്രായക്കാർ തമ്മിൽ ഓണതല്ല് നടത്തുന്നതാണ് രീതി. പിന്നീട് ഓണത്തല്ലിന് ശേഷം ആർപ്പുകളോടെ ഉപചാരം ചൊല്ലി പിരിയുകയും ചെയ്യും.

നായർ സമുദായം അവിട്ടം ദിവസം വൈകിട്ട് നാലോടെ പടിഞ്ഞാറെ തറയിൽ നിന്നും കിഴക്കേത്തറയിൽ നിന്നും ദേശ കാരണവൻമാരുടെ നേതൃത്വത്തിൽ ആർപ്പുവിളികളോടെ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിലെത്തും. ദേശ കാരണവൻ വിളിച്ചു ചൊല്ലി ദേശക്കാരുടെ സാന്നിധ്യം ഉറപ്പു വരുത്തി അവിട്ടത്തല്ല് നടത്തി നിരയോട്ടം എന്ന ആചാരച്ചടങ്ങു നടത്തി ശേഷം ആചാരം ചൊല്ലി പിരിയും. പല്ലശ്ശന നാടുവാഴിയായിരുന്ന കുറൂർ നമ്പിടിയെ സാമൂതിരിയുടെ സാമന്തനായ കുതിരവട്ടത്ത് നായർ ചതിയിൽ കൊല്ലുകയും ഇതറിഞ്ഞ പല്ലശ്ശനക്കാർ ജാതിഭേദമെന്യേ കുതിരവട്ടത്ത് നായർക്കെതിരെ യുദ്ധം ചെയ്തു ജയിച്ചതിന്റെയും ഓർമ്മക്കായാണ് ഓണത്തല്ലും അവിട്ടത്തല്ലും നടത്തുന്നതെന്നാണ് ഐതിഹ്യം.