
പാലക്കാട്: കാട്ടുപന്നിയെ പേടിച്ച് വാഴക്കൃഷി ഒഴിവാക്കാനൊരുങ്ങുകയാണ് തൃത്താലയിലെ ഒരുവിഭാഗം കർഷകർ. പരുതൂരിലെ കർഷകരാണ് കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നികൾ വിള നശിപ്പിക്കുന്നത് പതിവായതോടെ കടുത്ത സാമ്പത്തിക നഷ്ടമാണ് കർഷകർ നേരിടുന്ന്. വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയും സ്വർണം പണയം വെച്ചും മറ്റ് സ്വകാര്യ പണമിടമാട് സ്ഥാപനങ്ങളിൽ നിന്ന് വായ്പ വാങ്ങിയുമാണ് പലരും കൃഷിയിറക്കിയത്. ഇത്തവണയും സ്ഥിതി വ്യത്യസ്ഥമല്ല. ഇതോടെ ഓണ വിപണിയും കർഷകർക്ക് നഷ്ടമായി. ഓരോ സീസണിലും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്നും വീണ്ടും കടക്കെണിയിലാവാൻ തങ്ങൾ തയ്യാറല്ലെന്നും പറയുന്ന കർഷകർ കൃഷി തന്നെ ഉപേക്ഷിക്കാനാണ് ആലോചിക്കുന്നത്.
പരുതൂർ പഞ്ചായത്തിലെ തെക്കേക്കുന്ന്, കരിയന്നൂർ, പരുതൂർ പാടശേഖരങ്ങളിലാണ് കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. ഒരു തരത്തിലും പന്നിക്കൂട്ടത്തെ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൃഷി ഉപേക്ഷിക്കുന്നതെന്ന് കർഷകർ പറയുന്നു. കരിയന്നൂരിൽ മുക്കാൽ ലക്ഷത്തിലധികം വാഴ നട്ടിരുന്ന കൃഷിയിടത്തിൽ ഇത്തവണയുള്ളത് പകുതിയിൽ താഴെ മാത്രം. രാത്രി കാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നിക്കൂട്ടം വ്യാപകമായാണ് കൃഷി നശിപ്പിക്കുന്നത്. ഒരു സംഘത്തിൽ എട്ടുമുതൽ 12 വരെ അംഗങ്ങളുണ്ടാകും. പന്നിയെ പിടികൂടാൻ വനപാലകരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.