thief

മണ്ണാർക്കാട്: നാട്ടുകാരുടെ ഉറക്കം കെടുത്തി മണ്ണാർക്കാട് നഗരത്തിൽ മോഷ്ടാക്കൾ വിലസുന്നു. ഓരോ മോഷണത്തിന് തുമ്പുണ്ടാക്കുമ്പോഴും മോഷണങ്ങൾ പെരുകുന്നത് പൊലീസിന് തലവേദനയാവുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ പത്തോളം മോഷണങ്ങളാണ് നഗരത്തിൽ നടന്നത്. ബസ് യാത്രക്കിടയിലും അടച്ചിട്ട വീട് കുത്തിത്തുറന്നും ബൈക്കിലെത്തി തട്ടിപ്പറിച്ചുമാണ് കള്ളൻമാരുടെ വിളയാട്ടം.

പെരുകുന്ന മോഷണ കണക്കുകൾ

ജനുവരിയിലാണ് കോടതിപ്പടിയിലെ പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടന്നത്. ഫെബ്രുവരിയിൽ തെങ്കരയിൽ വീട് കുത്തിത്തുറന്ന് കാറും ടെലിവിഷനുകളും മോഷ്ടിച്ചു. മേയിൽ കാഞ്ഞിരത്ത് കട കുത്തിത്തുറന്ന് 25,000 രൂപ കവർന്നു. ജൂണിൽ വടക്കുമണ്ണത്ത് അരിമാവ് വില്പന നടത്തുന്ന ഗൗരിഭവനിൽ ശാന്തമണി അമ്മയുടെ മാല മോഷണം പോയി. ജൂലായിൽ കുണ്ടൂർക്കുന്നിൽ നിന്ന് ആര്യമ്പാവിലേക്ക് യാത്രചെയ്തിരുന്ന അരിയൂരിലെ കല്ലായി വീട്ടിൽ ഉമ്മുകുൽസുവിന്റെ അഞ്ച് പവൻ മാലയും കല്യാണക്കാപ്പിൽ വീട് കുത്തിത്തുറന്ന് 17 പവനും 85,000 രൂപയും മോഷണം പോയി. ആഗസ്റ്റിൽ പത്തുകുടി ശിവകാമിസമേത ചിദംബരേശ്വര ക്ഷേത്രത്തിലെ തൂക്കുവിളക്കുകളും മോഷണം പോയി. ഈ മാസം പട്ടണമധ്യത്തിലുള്ള അഞ്ച് കടകളിലും ഒരു വീട്ടിലുമാണ് മോഷ്ടാക്കൾ കയറിയത്. വീട് കുത്തിത്തുറന്ന് 31 പവനും മൊബൈൽ വ്യാപാരം നടത്തുന്ന കട കുത്തിത്തുറന്ന് എട്ട് മൊബൈലുകളും മോഷണം പോയി.

സി.സി.ടി.വി പരിശോധിച്ചും ടവർ ലൊക്കേഷനുകൾ പിന്തുടർന്നുമെല്ലാം ആറിലധികം പ്രതികളെ പിടികൂടാനായിട്ടുണ്ട്. സെപ്തംബർ ഒന്നിന് നഗരത്തിലെ കടകളിലും വീട്ടിലും ഒരേസമയം മോഷണം നടന്നതിന്റെ അന്വേഷണം പുരോഗമിച്ച് വരികയാണ്.

- പൊലീസ്