governor

അഗളി: മെച്ചപ്പെട്ട വിദ്യാഭ്യാസവും നല്ല ആരോഗ്യവും ആർജിക്കുന്നതിലൂടെ മാത്രമേ ആദിവാസി സമൂഹത്തിന് പുരോഗതി കൈവരിക്കാനാവൂ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഗളി കില സെന്ററിൽ നടന്ന ആദിവാസി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയും പ്രധാന മന്ത്രിയും അവശ്യപെട്ടിട്ടുള്ളത് ഇന്ത്യയുടെ ഉൾപ്രദേശങ്ങൾ സന്ദർശിക്കാനാണ്. ഈ യോഗത്തിന് സംഘാടകർ രണ്ടു മാസങ്ങൾക്കു മുമ്പ് തന്നെ ക്ഷണിച്ചതാണ്. എന്നാൽ ചിലയാളുകൾ ഞാനും ഗവൺമെന്റും തർക്കത്തിലാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ പുരോഗതി ലക്ഷ്യംവച്ച് ഏകതാപരിഷത്തും തമ്പും ചേർന്ന് സംഘടിപ്പിച്ചട്ടുള്ള ഈ യോഗത്തിൽ സംബന്ധിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. ആദിവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ ഫലപ്രദമായി വിനിയോഗിക്കണം. നാലു മണിക്കൂർ നീണ്ട യാത്ര ചെയ്താണ് ഇവിടെ വന്നത്. ഇവിടത്തെ ഊർജസ്വലരായ പുരുഷന്മാരെയും സുന്ദരികളായ സ്ത്രീകളെയും കണ്ടപ്പോൾ ക്ഷീണം എല്ലാം പോയി എന്നും ഗവർണർ പറഞ്ഞു.

ദേശീയ ഭൂപരിഷ്‌കരണ സമിതി അംഗവും പ്രമുഖ ഗാന്ധിയനുമായ ഡോ.പി.വി. രാജഗോപാൽ അദ്ധ്യക്ഷനായി. ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മയെ യോഗത്തിൽ ആദരിച്ചു. 'തമ്പ് ' പ്രസിഡന്റെ രാജേന്ദ്ര പ്രസാദ് 17 ഇന ആദിവാസി വികസന നയരേഖ അവതരിപ്പിച്ചു. തമ്പ് സെക്രട്ടറി കെ.എ. രാമു, ഏകതാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് മലമ്പുഴ, ബി.വി. ബോളൻ വയനാട്, ലക്ഷ്മി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ആദിവാസി വികസന പദ്ധതികൾക്കുള്ള നിർദ്ദേശങ്ങൾ ഊരുമൂപ്പൻമാർ ചേർന്ന് സമ്മേളനത്തൽ ഗവർണർക്ക് സമർപ്പിച്ചു.