madhu

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറുന്നവർക്ക് താക്കീതായി കോടതിയുടെ സുപ്രധാന ഇടപെടലുണ്ടായ ഇന്നലെയും നാല് സാക്ഷികൾ കൂടി കൂറുമാറി. 32-ാം സാക്ഷി മനാഫ്, 33-ാം സാക്ഷി രഞ്ജിത്, 34-ാം സാക്ഷി മണികണ്ഠൻ, 35-ാം സാക്ഷി അനൂപ് എന്നിവരാണ് മൊഴി തിരുത്തിയത്. ഇതോടെ കൂറുമാറിയ സാക്ഷികൾ ഇരുപതായി.

പ്രതിയായ ബിജുവിനൊപ്പം നാട്ടുകാർ മധുവിനെ പിടിക്കാൻ പോയതറിഞ്ഞ് വണ്ടിക്കടവിലേക്ക് ജീപ്പിൽ എത്തിയെന്നും മധുവിനെ ആൾക്കൂട്ടം കൊണ്ടുവരുന്നത് കണ്ടു എന്നും പൊലീസിന് മൊഴി നൽകിയവരാണ് നാലുപേരും. പൊലീസിന് മൊഴി കൊടുത്തിട്ടില്ലെന്നും പ്രതികളെ പരിചയമില്ലെന്നുമാണ് ഇവർ ഇന്നലെ കോടതിയിൽ പറഞ്ഞത്.

കഴിഞ്ഞദിവസം കൂറുമാറിയ 29 -ാം സാക്ഷി സുനിൽ കുമാറിനെ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ഇന്നലെ വീണ്ടും വിസ്തരിച്ചു. കഴിഞ്ഞദിവസം കാണിച്ച ദൃശ്യങ്ങൾ വീണ്ടും പ്രദർശിപ്പിച്ചായിരുന്നു പുനർ വിസ്താരം. മൂന്ന് ദൃശ്യങ്ങൾ വീണ്ടും കാണിച്ചതോടെ കഴിഞ്ഞദിവസത്തെ മൊഴി സുനിൽകുമാർ തിരുത്തി. ദൃശ്യങ്ങളിലുള്ളത് തന്നെ പോലുള്ള ഒരാളാണെന്നും സുനിൽ കുമാർ മാറ്റിപ്പറഞ്ഞു. പ്രതിഭാഗത്തിന്റെ തടസ വാദങ്ങളെല്ലാം തള്ളിയായിരുന്നു കോടതി നടപടികൾ. സുനിൽ കുമാറിന്റെ നേത്ര പരിശോധനയുടെ റിപ്പോർട്ട് വരുംവരെ കാത്ത് നിൽക്കണം എന്ന ആവശ്യവും കോടതി നിരസിച്ചു. സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി ഇന്ന് പരിഗണിക്കും.

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടെന്നാണ് സുനിൽ കുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. ഇത് കോടതിയിൽ സുനിൽ തിരുത്തി. ഇതോടെ, പ്രോസിക്യൂഷൻ ആ ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അനുവദിക്കുകയും ചെയ്തു. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവന്ന് മർദ്ദിക്കുന്ന വീഡിയോ ദൃശ്യത്തിൽ സുനിൽ കുമാർ നോക്കി നിൽക്കുന്നത് വ്യക്തമായിരുന്നു. എന്നാൽ തനിക്ക് കാഴ്‌ചക്കുറവുണ്ടെന്നും ഒന്നും കാണുന്നില്ലെന്നുമാണ് സാക്ഷി കോടതിയെ അറിയിച്ചത്. പിന്നാലെ ഇടപെട്ട കോടതി ഇയാളുടെ കാഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പാലക്കാട് ആശുപത്രിയിൽ പരിശോധിച്ച് കാഴ്ചയ്ക്ക് കുഴപ്പമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.