dog

പാലക്കാട്‌: സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 5,​86,​000 പേർക്ക്. ഈ വർഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. മേയ് മുതൽ ആഗസ്റ്റുവരെ ചികിത്സ തേടിയത് 1,83,000 പേർ. കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഏറ്റവും കൂടുതൽ പേ വിഷ ബാധയേറ്റുള്ള മരണമുണ്ടായത് ഈ വർഷമാണ്. 21 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. വാക്സിൻ സ്വീകരിച്ചവരും മരണത്തിന് കീഴടങ്ങി എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ആകെ മൂന്ന് ലക്ഷത്തോളം തെരുവുനായക്കളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ പ്രാഥമിക കണക്ക്. ഏറ്റവും കൂടുതൽ കൊല്ലത്താണ് ( 50,​869). തെരുവ് നായ്ക്കളുടെ എണ്ണത്തിൽ പാലക്കാട് തിരുവനന്തപുരത്തിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്. ജില്ലയിൽ 29,898 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
ഇവക്കെല്ലാം വാക്സിൻ നൽകലാണ് സർക്കാറിന് മുന്നിലെ പ്രതിസന്ധി. ആക്രമണകാരികളായ തെരുവ് നായകളുള്ള ഹോട്ട്സ്‌പോട്ടുകൾക്ക് പ്രാധാന്യം നൽകി വാക്സിൻ നൽകാനാണ് തീരുമാനം.

5 മാസത്തിനിടെ 2,735 തെരുവുനായകളെ വന്ധ്യംകരിച്ചു

തെരുവു നായകളുടെ പ്രജനനം നിയന്ത്രിക്കാനുള്ള ആനിമൽ ബർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതി പ്രകാരം ജില്ലയിൽ അഞ്ചുമാസത്തിനിടെ 2,735 തെരുവുനായകളെ വന്ധ്യംകരിച്ചു. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന്‌ നടപ്പാക്കുന്ന എ.ബി.സി പദ്ധതിയിൽ ഇക്കഴിഞ്ഞ മാർച്ച്‌ 31വരെ വന്ധ്യംകരിച്ചത്‌ 47,825 തെരുവുനായകളെയാണ്‌. 2015ൽ എ.ബി.സി പദ്ധതി ആരംഭിച്ചെങ്കിലും 2016 ജൂൺ മുതലാണ് വന്ധ്യംകരണം ആരംഭിച്ചത്. 2017 മാർച്ചുവരെ 6,044 നായകളെ വന്ധ്യംകരിച്ചു. 2017 - 2018 സാമ്പത്തികവർഷത്തിൽ 11,261, 2018 - 2019ൽ 11,129, 2019 - 2020ൽ 6,905, 2020 ഒക്ടോബർ മുതൽ 2021 മാർച്ചുവരെ 4154, ഏപ്രിൽ മുതൽ 2022 മാർച്ചുവരെ 6,199 എന്നിങ്ങനെയാണ്‌ കണക്ക്‌.

തെരുവ് നായ്ക്കളുടെ കണക്ക്

കൊല്ലം - 50869

തിരുവനന്തപുരം - 47829

പാലക്കാട് - 29898

തൃശൂർ - 25277

കണ്ണൂർ - 23666

ആലപ്പുഴ - 19249

മലപ്പുറം - 18544

എറണാകുളം - 14155

പത്തനംതിട്ട - 14080

കോഴിക്കോട് - 14044

കോട്ടയം - 9915

കാസർകോട് - 8138

ഇടുക്കി - 7375

വയനാട് - 6907