madhu-attappadi

-- 36-ാം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കോടതിയെ തെറ്റിധരിപ്പിച്ച 29-ാം സാക്ഷി സുനിൽകുമാറിന്റെ കാഴ്ച പരിശോധിച്ച ഡോക്ടറെ ഇന്ന് വിസ്തരിക്കും. രാവിലെ ഹാജരാകാൻ ഇന്നലെ നോട്ടീസ് നൽകി.

അതേസമയം,​ 36-ാം സാക്ഷി അബ്ദുൽ ലത്തീഫും കൂറുമാറി. തനിക്ക് കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് അബ്ദുൽ ലത്തീഫ് കോടതിയിൽ പറഞ്ഞു. കൂറുമാറിയവരുടെ എണ്ണം ഇതോടെ 21ആയി.

വിചാരണയ്ക്കിടെ കാണിച്ച ദൃശ്യങ്ങളിൽ ഉള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞു. ദൃശ്യങ്ങളും പാസ്‌പോർട്ടിലെ ഫോട്ടോയും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതിന് ഇന്ന് അപേക്ഷ നൽകും. മധു ആക്രമിക്കപ്പെട്ട സംഭവമേ അറിയില്ലെന്നു പറഞ്ഞപ്പോഴാണ് ആൾക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ പ്രദർശിപ്പിച്ചത്.

മധുവിന്റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരീഭർത്താവ് മുരുകൻ എന്നിവരുടെ സാക്ഷിവിസ്താരം തിങ്കളാഴ്ച നടക്കും.