
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 29ാം സാക്ഷി സുനിൽ കുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി ഇന്നലെ വിസ്തരിച്ചു. സുനിൽ കുമാറിന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് ഡോക്ടർ കോടതിയെ അറിയിച്ചു. ഇതോടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ ആവശ്യം ഉന്നയിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം, 40-ാം സാക്ഷി ലക്ഷ്മി മൊഴിയിൽ ഉറച്ചുനിന്നു. പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് ലക്ഷ്മി കോടതിയിൽ നൽകിയത്.
ആകെ 122 സാക്ഷികളുള്ള കേസിൽ ഇതുവരെ 21 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്.
അതിനിടെ, ആൾക്കൂട്ട ആക്രമണം നടക്കുമ്പോൾ സാക്ഷികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നു തെളിയിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പുറത്ത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സാക്ഷികൾ ശ്രമിച്ചെന്ന് തെളിയിക്കാൻ ഈ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തി മുന്നോട്ട് പോകാനാണ് പ്രോസിക്യൂഷൻ തീരുമാനം.