
മണ്ണാർക്കാട്: അലനല്ലൂർ കണ്ണംകുണ്ട് പാലത്തിന്റെ നിർമ്മാണത്തിന് ഒടുവിൽ ഭരണാനുമതി. ഈ വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് അഞ്ച് കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഒരു കോടി രൂപ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് വക യിരുത്തിയിട്ടുണ്ട്. പ്രാഥമിക പ്രവർത്തനങ്ങൾക്കായാണ് ഒരു കോടി രൂപ ചെലവഴിക്കുക. സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ പൂർത്തിയാക്കി വൈകാതെ തന്നെ പ്രവൃത്തികൾ ആരംഭിക്കാൻ ശ്രമം തുടരുമെന്ന് അഡ്വ.എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു.
പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
കഴിഞ്ഞ ഓരോ ബഡ്ജറ്റലും പ്രതീക്ഷയർപ്പിച്ചുള്ള കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ നീളവുമുണ്ട്. പുഴയ്ക്ക് കുറുകെ നിലവിലുള്ള കോസ് വേയുടെ ഉയരക്കുറവ് കാരണം എല്ലാ വർഷകാലത്തും മിക്ക ദിവസങ്ങളിലും വെള്ളത്തിനടിയിലാകും. ഈ സമയങ്ങളിൽ എടത്തനാട്ടുകരയിൽ നിന്നും അലനല്ലൂരിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഉണ്ണിയാൽ വഴി കിലോ മീറ്ററുകൾ താണ്ടി യാത്ര ചെയ്യേണ്ടി വരും. പുതിയ പാലം വന്നാൽ തീരുന്നത് ഈ ദുരിത യാത്രയായിരിക്കും. അലനല്ലൂർ കണ്ണംകുണ്ട് റോഡ് റബ്ബറൈസ് ചെയ്ത് നവീകരിതോടെ ഇതുവഴിയുള്ള വാഹനഗതാഗതം വർദ്ധിക്കുകയും പാലം വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. പാലത്തിന് ആവശ്യമായ സ്ഥലം വിട്ട് കിട്ടാതെ വന്നതോടെ പദ്ധതി മുടങ്ങുകയായിരുന്നു. പിന്നീട് കിഫ്ബിയിൽ ഉൾപ്പെടുത്തി എട്ട് കോടി രൂപ അനുവദിച്ച് പാലം നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും പത്ത് കോടിയിൽ താഴെയുള്ള പ്രവൃത്തികൾക്ക് കിഫ്ബി പണ്ട് അനുവദിക്കാൻ കഴിയില്ലെന്ന കാരണത്താൽ പദ്ധതി തടസത്തിലായി.
മണ്ഡലത്തിൽ നിന്നുള്ള പ്രവൃത്തികളുടെ ഒന്നാമത്തെ പരിഗണന കണ്ണംകുണ്ട് പാലം നിർമാണത്തിന് നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതിയും ഒരു കോടിയുടെ പ്രവൃത്തി ചെയ്യാനുള്ള അനുവാദവും ലഭിച്ചത്. അഞ്ച് കോടി രൂപയ്ക്ക് പുറമെയുള്ള സംഖ്യ വരും വർഷങ്ങളിലെ ബഡ്ജറ്റിൽ നിന്നും കണ്ടെത്താൻ പരിശ്രമിക്കും
- എൻ. ഷംസുദ്ദീൻ എം.എൽ.എ
ആഗസ്റ്റ് 5ന് കേരളകൗമുദയിൽ പ്രസിദ്ധീകരിച്ച വാർത്ത