dam

മുതലമട: പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർമൂലം ഒഴുകിവരുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ മുൻകരുതലുമായി ജില്ലാ ഭരണകൂടം. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന കുര്യാർകുറ്റി താഴെ കോളനിയിലെ ആളുകളെ കുര്യാർകുറ്റി കമ്മ്യൂണിറ്റി ഹാളിലേക്കും പറമ്പിക്കുളം അഞ്ചാം കോളനിയിലെ ആളുകളെ ടൈഗർ ഹാളിലേക്കും മാറ്റിപ്പാർപ്പിച്ചു.

20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസം കൂടി ഈ സ്ഥിതി തുടരും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ എന്നിവർ കെ. ബാബു എം.എൽ.എയുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ പറമ്പിക്കുളത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ബാബു എം.എൽ.എയ്ക്ക് പുറമേ മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ, ചിറ്റൂർ തഹസിൽദാർ അമൃതവല്ലി, പൊള്ളാച്ചി, വാൾപ്പാറ എം.എൽ.എമാർ, പൊള്ളാച്ചി സബ് കളക്ടർ എന്നിവരും പറമ്പിക്കുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.