
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ബി.ജെ.പി ഓഫീസിന് നേരെ ബൈക്കിലെത്തിയ സംഘം പെട്രോൾ ബോംബെറിഞ്ഞു. കോയമ്പത്തൂരിലെ ചിറ്റബുദൂറിലുള്ള ബി.ജെ.പി ഹെഡ് ഓഫീസിൽ കഴിഞ്ഞദിവസം രാത്രി 8.30നായിരുന്നു ആക്രമണം. എന്നാൽ ബോംബ് പൊട്ടാത്തതിനാൽ ഓഫീസിന് കേടുപാടുണ്ടായില്ല. എന്നാൽ അക്രമികളുടെ വിവരം പുറത്ത് വന്നിട്ടില്ല. സ്ഥലത്ത് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ആക്രമികളെ പിടികൂടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസെത്തി ബോംബ് നിർവീര്യമാക്കി. ഫോറൻസിക് വിദഗ്‌ദ്ധർ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ചു. സംഭവത്തിൽ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ കാർ ഷോപ്പിനു നേരെയും പെട്രോൾ ബോംബെഞ്ഞിരുന്നു. ഉക്കടം-സുണ്ടക്കാമുത്തൂർ റോഡിൽ ഗണപതിക്കും കോവൈപ്പുത്തൂരിനുമിടയിൽ ടി.എൻ.എസ്.ടി.സി ടൗൺ ബസിന് നേരെയും കല്ലേറുണ്ടായി.