പാലക്കാട്: ദേശീയ, സംസ്ഥാന നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിലും കഴിഞ്ഞദിവസം നേതാക്കളുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തിയതിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തിയ 12 മണിക്കൂർ ഹർത്താലിൽ ജില്ലയിൽ ചിലയിടങ്ങളിൽ നേരിയ സംഘർഷം. കൊടുവായൂരിൽ മീൻകട ഹർത്താൽ അനുകൂലികൾ തല്ലിതകർക്കുകയും മീനുകളെല്ലാം നശിപ്പിക്കുകയും ചെയ്തു. ചാലിശേരിയിൽ യാത്രക്കാരെ വണ്ടിയിൽ നിന്നും ഇറക്കിവിട്ടു. ലക്കിടിയിൽ ചരക്കുലോറിയുടെ ചില്ല് എറിഞ്ഞുതകർത്തു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. എടപ്പാളിൽ നിന്ന് തമിഴ്നാട് കരൂരിലേക്ക് പോവുകയായിരുന്ന ലോറിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഹർത്താലിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തി. പട്ടാമ്പി കൂറ്റനാടും ചെർപ്പുളശ്ശേരിയിലും പ്രകടനത്തിനിടെ കടകൾ നിർബന്ധിച്ച് അടപ്പിച്ചു. ഗതാഗത തടസമുണ്ടാക്കിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും 21 പേരെ പൊലീസ് അറസ്റ്റുചെയ്തു. വിവിധ സ്റ്റേഷനുകളിലായി 19 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വടക്കഞ്ചേരി, പുതുനഗരം, കൊല്ലങ്കോട്, ചിറ്റൂർ സ്റ്റേഷനുകളിൽ ഓരോ കേസുവീതവും ഒറ്റപ്പാലം, ഹേമാംബിക നഗർ എന്നിവിടങ്ങളിൽ രണ്ടുവീതവും ചാലിശ്ശേരിയിൽ മൂന്ന്, ടൗൺ നോർത്തിൽ എട്ട് എന്നിങ്ങനെയാണ് ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്ക്.
ആർ.എസ്.എസ് - പോപ്പുലർ ഫ്രണ്ട് സംഘർഷം രൂക്ഷമായതിനാൽ ജില്ലയിൽ പ്രധാന കേന്ദ്രങ്ങളിലും സംഘർഷ സാദ്ധ്യതാ പ്രദേശങ്ങളിലും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. പാലക്കാട് നഗരത്തിൽ മാത്രം 130 ലധികം പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. അക്രമങ്ങൾ ഒഴിവാക്കാനായി 13 പേരെ കരുതൽ തടങ്കലിലാക്കിയിരുന്നു.
രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ നഗരത്തിലും ഗ്രാമീണ മേഖലകളിലും പൂർണമായിരുന്നു. ഭൂരിഭാഗം കടകമ്പോളങ്ങളും തുറന്നില്ല. പാലക്കാട് വലിയങ്ങാടി, കൊടുവായൂർ അങ്ങാടി ഉൾപ്പെടെ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സിയും നിരത്തിലിറങ്ങിയെങ്കിലും സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. സിവിൽ സ്റ്റേഷനിൽ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ നില പകുതിയിൽ താഴെയായിരുന്നു. സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചു.
ഹർത്താൽ കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഭാഗികമായിരുന്നു. മലബാർ സിമന്റ്സ്, ബെമൽ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളും വ്യവസായ മേഖലയിലെ മറ്റ് സ്വകാര്യ കമ്പനികളും തുറന്നു പ്രവർത്തിച്ചു. ജീവനക്കാർ ഇരുചക്ര വാഹനങ്ങളിൽ ഉൾപ്പടെ ജീവനക്കാർ കമ്പനികളിലേക്കെത്തി.
കെ.എസ്.ആർ.ടി.സി 25 സർവീസ് നടത്തി
കനത്ത സുരക്ഷ ഏർപ്പെടുത്തിയതിനാൽ ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നില്ല. രാവിലെയും വൈകീട്ടും കെ.എസ്.ആർ.ടി.സി സർവീസ് നടത്തി. ജില്ലയിൽ നിന്ന് മാത്രം 25 സർവീസുകളാണ് നടത്തിയത്. മറ്റ് ജില്ലയിൽ നിന്നെത്തിയ സർവീസുകളടക്കം ആകെ 115 ട്രിപ്പുകൾ പാലക്കാട് നിന്നുണ്ടായി. യാത്രക്കാരുടെ എണ്ണം പരിഗണിച്ചായിരുന്നു സർവീസ് ക്രമപ്പെടുത്തിയിരുന്നത്. തൃശൂർ, കോയമ്പത്തൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നു.