
മണ്ണാർക്കാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെ ജില്ലയിൽ പ്രവേശിച്ചതോടെ തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമായിരുന്നുവെന്ന് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് സലിം. തന്റെ ശാരീരിക വൈകല്യങ്ങളെ മറികടന്ന് യാത്രയുടെ ആവേശത്തിൽ പങ്കുചേരുകയും ക്രച്ചസിൽ ദൃഢനിശ്ചയത്തോടെ യാത്രയ്ക്കൊപ്പം നടക്കുകയും ചെയ്ത സലിമിനെ രാഹുൽ ഗാന്ധി ചേർത്തു നിർത്തുകയായിരുന്നു. പൊതുവേ രാഹുൽ ഗാന്ധിയുടെ നടത്തം അതി വേഗതയിലാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുമ്പോഴും സലിമിന് വേണ്ടി വേഗത അൽപ്പം കുറച്ച് കുശലാന്വേഷണങ്ങളുമായാണ് രാഹുൽ ഗാന്ധി നടന്നത്.
കൂടെയുണ്ടായിരുന്ന വി.കെ.ശ്രീകണ്ഠൻ എം.പിയും ഷംസുദ്ദീൻ എം.എൽ.എയും സലിമിനെ രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തി. ഇദ്ദേഹത്തിന്റെ കാലിന്റെ സ്വാധീനക്കുറവിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കാലത്തുണ്ടായ പ്രചരണങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞുവെന്ന് സലിം പറഞ്ഞു. റോഡിലെ ചെറിയ കുഴികൾ കാണുമ്പോൾ അത് തന്റെ ശ്രദ്ധയിൽപ്പെടുത്തി ശ്രദ്ധിച്ച് നടക്കണമെന്ന നിർദ്ദേശങ്ങളും രാഹുൽ ഗാന്ധി നൽകി. രാഹുൽ ഗാന്ധിയുടെ മനുഷ്യത്വപരമായ സമീപനവും കരുതലും അനുഭവിച്ചറിയാനായെന്നും ഒരിക്കലും മറക്കാത്ത അനുഭവമായെന്നും സലിം പറഞ്ഞു.