
അഗളി: സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ശില്പശാലയ്ക്ക് തുടക്കമായി. അഗളി ക്യാമ്പ് സെന്ററിൽ രണ്ടു ദിവസമായി നടക്കുന്ന ശിൽപ്പശാല യുവജന കമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത സന്നദ്ധപ്രവർത്തകരാണ് പങ്കെടുക്കുന്നത്. ജീവിതമാകട്ടെ ലഹരി എന്ന വിഷയത്തിൽ പാലക്കാട് വിമുക്തിമിഷൻ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അട്ടപ്പാടി ഫാക്കൽറ്റി, പ്രിവന്റിവ് ഓഫീസർ എസ്.രവികുമാർ, ഭരണഘടന നമ്മുടെ അഭിമാനം വിഷയത്തിൽ പ്രഭാഷകനായ ഡോ. രാജാ ഹരിപ്രസാദ്, യുവാക്കൾക്കുള്ള സംരംഭക പദ്ധതികൾ വിഷയത്തിൽ അട്ടപ്പാടി ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ സജാദ് ബഷീർ എന്നിവർ ക്ലാസുകൾ എടുത്തു.
ലഹരിക്കെതിരെ നാടുയരുന്നു എന്ന പേരിൽ ലഹരിക്കെതിരെയുള്ള കൂട്ടായ്മയും ദേശീയ അവാർഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മക്കൊപ്പം സംവാദവും നടന്നു. യുവജന കമ്മിഷൻ അംഗം അഡ്വ. ടി. മഹേഷ് അദ്ധ്യക്ഷനായി. കമ്മിഷൻ അംഗങ്ങളായ പ്രിൻസി കുര്യാക്കോസ്, വി.വിനിൽ, റെനീഷ് മാത്യു, പി.എ.സമദ്, കമ്മിഷൻ സെക്രട്ടറി ഡാർളി ജോസഫ്, സി.അജിത്കുമാർ, അഡ്വ. എം. രൺദീഷ്, രാഹുൽ രാജ് എന്നിവർ പങ്കെടുത്തു.