jodo

 ഭാരത് ജോഡോ യാത്ര ജില്ലയിലെ പര്യടനം പൂർത്തിയാക്കി

പാലക്കാട്: കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര 410 കിലോമീറ്റർ പിന്നിട്ട് പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി. വഴിയോരങ്ങളിൽ പതിനായിരങ്ങളാണ് രാഹുലിനെ വരവേൽക്കാനായി കാത്തുനിന്നത്. വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ചെറുതുരുത്തിയിൽ നിന്നാണ് പദയാത്ര ജില്ലയിലേക്ക് പ്രവേശിച്ചത്. ജില്ലയിലെ നേതാക്കൾ ചേർന്ന് യാത്രയെ വരവേറ്റു. ഷൊർണൂർ എസ്.എം.പി ജംഗ്ഷനിൽ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ച യാത്ര 15 കിലോമീറ്റർ പിന്നിട്ടാണ് പാലക്കാട്ടെ പര്യടനം അവസാനിപ്പിച്ചത്.

ഇന്നലെ രാവിലെ 10.25ന് മഹാത്മഗാന്ധി പ്രതിമയിൽ രാഹുൽ ഹാരമണിയിച്ചു. 10.30ന് പട്ടാമ്പിയിൽ രാവിലത്തെ പര്യടനം പൂർത്തിയാക്കി. വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, കോൺഗ്രസ് നേതാവ് വി.ടി.ബൽറാം എന്നിവർ പദയാത്രയുടെ ഭാഗമായി.

ഷൊർണൂർ എസ്.എം.പി ജംഗ്ഷനിൽ സ്വീകരണത്തിനായി നീണ്ടനിര തന്നെ കാത്തിരുന്നിരുന്നു. രണ്ട് കിലോമീറ്ററോളം ഘോഷയാത്ര നീണ്ടു. വഴിയരികിൽ നാട്ടുകാരുമായും യുവാക്കളുമായും പ്രമുഖ വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി. പിന്നീട് കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ അബ്ദുള്ള അബൂബക്കറിനൊപ്പം യാത്രയായി നടന്നു.

രാഹുൽഗാന്ധിയെ കാണാനുള്ള ആവേശം വഴിയരികിലുള്ളവരുടെ കണ്ണുകളിൽ കാണാമായിരുന്നു. ഷാദ, ഹനീന, റിയ എന്നിവർ രാഹുലിന്റെ ചിത്രവുമായി കാത്തുനിൽക്കുന്നു. അവർ വരച്ച ചിത്രം രാഹുൽഗാന്ധിക്ക് സമർപ്പിക്കുകയും ചെയ്തു. യാത്ര ഒരു നോക്ക് കാണുവാനായി വീടിന് പുറത്തിറങ്ങി നിൽക്കുന്ന ബാലഗോപാലിനെയും കുടുംബത്തെയും കണ്ടപ്പോൾ അവർ പറഞ്ഞ മറുപടി ഇതൊരു മഹത്തായ കർത്തവ്യമാണ്. രാജ്യത്തെ ഒന്നിപ്പിക്കുക. വർഗീയ ഫാസിസ്റ്റ് ശക്തികളെ ഉന്മൂലനം ചെയ്യുക. രാഹുൽഗാന്ധിയുടെ മനസിൽ വിരിഞ്ഞ ഈ സങ്കൽപ്പം യാഥാർത്ഥ്യമാവുക തന്നെ ചെയ്യും. യാത്ര 10 മണിയോടെ തന്നെ പട്ടാമ്പിയിലെത്തി. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പട്ടാമ്പി രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ എത്തിയത്. ശശി തരൂർ എം.പിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഉച്ചയ്ക്ക് ശേഷം അട്ടപ്പാടിയിലെ ആദിവാസി മൂപ്പന്മാരുമായും ഉന്നത വിദ്യാഭ്യാസം നേടിയവരുമായും സംവാദം നടത്തി. ആദിവാസികളുടെ തനത് കലാരൂപങ്ങളും അവർ അവതരിപ്പിച്ചു. പിന്നെ വൈകീട്ടോടെ കൊപ്പത്തേക്ക് യാത്ര തിരിച്ചു. രാഷ്ട്രീയ ഭേദമന്യേ, ജാതിമത ഭേദമന്യേ പതിനായിരങ്ങളാണ് ഭാരത് ജോഡോ പദയാത്രയെ വരവേൽക്കാനായി വഴിയരികിൽ കാത്തുനിന്നത്.
വി.കെ.ശ്രീകണ്ഠൻ എം.പി, രമ്യാ ഹരിദാസ് എം.പി, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, കെ.പി.സി.സി നിർവാഹക സമിതിയംഗം സി.വി.ബാലചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ചന്ദ്രൻ, കെ.എ.തുളസി, സ്വാഗതസംഘം കൺവീനർ കെ.എസ്.ബി.എ തങ്ങൾ, സുമേഷ് അച്യുതൻ മറ്റ് കോൺഗ്രസ് നേതാക്കൾ ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ അനുഗമിച്ചു.

 ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണ് ഇത്തരമൊരു പദയാത്ര ലക്ഷ്യമിടുന്നത്. ഒരു മാറ്റത്തിനുള്ള തയ്യാറെടുപ്പാണ് ഈ പദയാത്ര.

-- ശശി തരൂർ എം.പി