rice-and-vegetables

പാലക്കാട്: ഓണം കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്ത് അരിയ്ക്കും പച്ചക്കറിയ്ക്കും വില ഉയരുകയാണ്. ആന്ധ്രയിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ഇതോടെ ഒരുമാസത്തിനിടെ ജയ അരി വില കിലോയ്ക്ക് 13 രൂപയാണ്കൂടിയത്. ഓണത്തിന് മുമ്പ് ജയ അരി കിലോയ്ക്ക് 45 ആയിരുന്നു ഇപ്പോഴത് 58 ആണ്. മീഡിയം വെള്ള അരിക്ക് നിലവിൽ 46 രൂപ നൽകണം. വൈകാതെ അരിവില 60 രൂപയിൽ എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. അരിവില ആറ് മാസം കൂടി ഇത്തരത്തിൽ ഉയർന്ന് നിൽക്കുമെന്നാണ് വിപണി നൽകുന്ന സൂചനകൾ. ആന്ധ്രയിൽ മാർച്ചോടെ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തിത്തുടങ്ങിയാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ. ഇതിനിടയിൽ അരിവില കുറയ്ക്കണമെങ്കിൽ സർക്കാർ ഇടപെട്ട് പഞ്ചാബിൽ നിന്ന് നെല്ല് ഇറക്കുമതി ചെയ്യണമെന്നും മില്ലുടമകൾ ആവശ്യപ്പെടുന്നുണ്ട്.

 സംസ്ഥാനത്തെ ഉത്പാദനം ആവശ്യത്തിന്റെ നാലിലൊന്ന് മാത്രം

കേരളത്തിന് ഒരു വർഷം ആവശ്യമുള്ളത് 40 ലക്ഷം ടൺ അരിയാണ്. ഇതിന്റെ നാലിലൊന്ന് മാത്രമാണ് സംസ്ഥാനത്തെ ഉത്പാദനം. ബാക്കി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യും. 40ൽ 22 ലക്ഷം ടണ്ണും വിറ്റുപോകുന്നത് ജയ അരിയാണ്. ആന്ധ്രയിൽ നിന്നാണ് വെള്ള അരിയുടെ വരവ്.

കാലാവസ്ഥ വ്യതിയാനം മൂലം ആന്ധ്രയിൽ കഴിഞ്ഞ വിളവെടുപ്പ് വെള്ളത്തിലായി. ആന്ധ്രയിലും മൈസൂരിലും അരിക്ക് ക്ഷാമമാണ്. വരവ് തീരെ കുറഞ്ഞു. തുക മുൻകൂറായി അടച്ചാൽ മാത്രമേ ലോഡ് അയയ്ക്കൂവെന്നാണ് ആന്ധ്രയിലെ മില്ലുടമകളുടെ നിലപാട്. സംസ്ഥാനത്ത് വിറ്റുപോകുന്നതിൽ ഏഴര ലക്ഷം ടൺ മട്ട അരിയാണ്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് മട്ട വരുന്നത്. കാലവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇവിടെയും കഴിഞ്ഞ വിള നശിച്ചു. അടുത്ത മാസങ്ങളിൽ രണ്ട് സംസ്ഥാനത്തും വിളവെടുപ്പുണ്ട്. ഇതോടെ മട്ട അരിയുടെ വില കുറയുമെന്നാണ് കണക്കുകൂട്ടൽ.

 കുതിച്ച് പച്ചക്കറി വിലയും

മൂന്നാഴ്ച കൊണ്ട് സംസ്ഥാനത്ത് ഭൂരിഭാഗം പച്ചക്കറികൾക്കും 10 മുതൽ 25 രൂപ വരെയാണ് കൂടിയത്. കഴിഞ്ഞയാഴ്ച വരെ വലിയ അങ്ങാടിയിൽ കിലോക്ക് 77 രൂപയുണ്ടായിരുന്ന കാരറ്റിന് ഇപ്പോൾ നൂറിനടുത്താണ് വില. ചില്ലറ വിപണിയിലെത്തുമ്പോഴേക്കും അത് 115ന് മുകളിലെത്തും വില. തക്കാളിയുടെ വില മൊത്ത വിപണിയിൽ 20 രൂപയിൽ നിന്നും മുപ്പത്തിയഞ്ചിലേക്ക് ഉയർന്നു. ബീൻസിന്റെ വില 70ലേക്കെത്തി. പാവയ്ക്കക്കും പയറിനുമെല്ലാം വിലയുയർന്നു. നവരാത്രി വ്രതം തുടങ്ങിയതും അയൽ സംസ്ഥാനങ്ങളിലെ വിളനാശവുമാണ് വിലക്കയറ്റത്തിലേക്ക് നയിച്ചതെന്നാണ് കച്ചവടക്കാർ പറയുന്നത്.

♦ കിലോയ്ക്ക് ഇന്നലത്തെ വില

(ബ്രായ്ക്കറ്റിൽ കഴിഞ്ഞ മാസത്തെ വില)

അരി ജയ................58..........(45)

ഉണ്ട അരി..............43..........(34)

വൻപയർ..............83..........(73)

ഉഴുന്ന്.....................120........(108)

പരിപ്പ്....................125........(103)

മുളക് ഗുണ്ടൂർ......360........(240)

പഞ്ചസാര..............40..........(36)

ശർക്കര..................60...........(45)

♦ പച്ചക്കറികൾ

(ബ്രായ്ക്കറ്റിൽ കഴിഞ്ഞ മാസത്തെ വില)

ചെറിയ ഉള്ളി...... 45.........(30)
കിഴങ്ങ്...................35........(20)

സവാള വലുത്......30........(20)

ഇഞ്ചി.....................70.........(50)
കോവയ്ക്ക......... 50.........(40)
തക്കാളി................40..........(20)
കാബേജ്..............50..........(30)
ബീൻസ്................70.........(40)
വള്ളിപ്പയർ.......77..........(35)
കാരറ്റ്.................96..........(77)

മുരിങ്ങയ്ക്ക.....94.........(60)

പച്ചമുളക്..........50.........(35)